തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധി: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധി: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ഉപകരണങ്ങളുടെ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലിൽ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് (ഡി.എം.ഇ) സമിതി റിപ്പോർട്ട് കൈമാറിയത്.

ഈ റിപ്പോർട്ട് വ്യാഴാഴ്ച ഡി.എം.ഇ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തി ഡോ. ഹാരിസ് ചിറക്കൽ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇതിനെത്തുടർന്നാണ് ഹാരിസ് ചിറക്കൽ ഉന്നയിച്ച ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി. പത്മകുമാറായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, ഡോ. എസ്. ഗോമതി, ഡോ. എ. രാജീവൻ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ. വിഷയത്തിൽ വിശദമായി അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്.

ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തൽ നടത്തിയത്. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമർശനമായിരുന്നു ഡോക്ടർ ഉന്നയിച്ചത്. ആശുപത്രിയിൽ ഉപകരണങ്ങളില്ലെന്നും അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറക്കൽ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ടും ഉദ്യോഗസ്ഥരുടെ നിസ്സംഗത തടസ്സമാകുകയാണെന്നും ഡോ. ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തിയിരുന്നു.

മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമകുറിപ്പിട്ട മെഡിക്കൽകോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരേ കടുത്തനടപടിക്ക് സാധ്യതയില്ല. സർവീസ് ചട്ടലംഘനം കാണിച്ച് വകുപ്പുതലത്തിൽ താക്കീത് പരിഗണനയിലാണ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഹാരിസിന്റെ തുറന്നുപറച്ചിലിനെ തള്ളിയ സാഹചര്യത്തിലാണിത്. നടപടിയെ ഭയക്കുന്നില്ലെന്ന നിലപാടിലാണ് ഡോ. ഹാരിസ്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ഡോക്ടറുടെ നടപടിയെ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതോടെ ഡോ. ഹാരിസിനോട് അനകൂലനിലപാടെടുത്ത ആരോഗ്യമന്ത്രി വീണാ ജോർജ് പിൻവലിഞ്ഞു.

മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെ സാമൂഹികമാധ്യമങ്ങളിൽ ഡോ. ഹാരിസിന് വൻ പിന്തുണ ലഭിച്ചിരുന്നു. അതിനാൽ ശിക്ഷാനടപടിയിലേക്ക് പോയാൽ ജനവികാരം സർക്കാരിനെതിരാക്കുമെന്ന് കരുതുന്നുണ്ട്. മെ‍ഡിക്കൽ കോളേജ് അധ്യാപക സംഘടന പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.

Thiruvananthapuram Medical College crisis: Expert committee submits report

Share Email
LATEST
More Articles
Top