ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നു ട്രംപ്

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയും അമേരിക്കയും തമ്മിലുളള വ്യാപാര കരാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും തീരുവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അ്ന്തിമഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയുമായി വലിയകരാറിലേക്ക് അമേരിക്ക എത്തുകയാണെന്നും വിപണി തുറക്കാന്‍ അവര്‍ തയാറാകുന്നതായും ട്രംപ് പ്രതികരിച്ചു.
‘റിയല്‍ അമേരിക്കാസ് വോയ്‌സ്’ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പരാമര്‍ശിച്ചു.
ഇതിനോടകം നിരവധി വലിയ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ആയി. അടുത്തത് ഇന്ത്യ ആയിരിക്കാമെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് പല രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്തോ -അമേരിക്കന്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അമേരിക്കയിലുണ്ട്. കാര്‍ഷിക, ഡയറി മേഖലകള്‍ സംബന്ധിച്ചുളള തര്‍ക്കമാണ് കരാര്‍ വൈകുന്നതിനു കാരണമെന്ന സൂചനയുമുണ്ട്. രാജ്യ താത്പര്യങ്ങള്‍ അംഗീകരിച്ചു മാത്രമേ അമേരിക്കയുമായി കരാര്‍ ഒപ്പു വെയ്ക്കുകയുള്ളെന്നു ഈ മാസം ആദ്യം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വ്യക്്തമാക്കിയിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍ 20 ശതമാനമോ അതില്‍ താഴേയോ ആയിരിക്കും തീരുവയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അടുത്തിടെ ട്രംപ് ഇന്തോനേഷ്യയുമായി വ്യാപാര കരാര്‍ പ്രഖ്യാപിച്ചിരുന്നു.

Trump says India-US trade deal will be announced soon

Share Email
LATEST
Top