സ്കോട്ട്ലൻഡ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്കോട്ട്ലൻഡിൽ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനൊപ്പം ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചു. ഗാസ മുനമ്പിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം പ്രത്യേകം സൂചിപ്പിച്ചു. സഹായത്തിനായി പലസ്തീനികൾ വരിനിൽക്കുന്നതിന്‍റെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഗാസയിൽ യുഎസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യ കേന്ദ്രങ്ങളെക്കുറിച്ചും ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഭക്ഷണ കാര്യത്തിൽ അമേരിക്ക സഹായിക്കും എന്നും ജനങ്ങളെ തടയുന്ന തടസ്സങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കും എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സഹായം ലഭിക്കാൻ ശ്രമിക്കുന്ന പലസ്തീനികൾക്ക് നേരിടേണ്ടി വരുന്ന തടസങ്ങളെക്കുറിച്ചും ട്രംപ് തുടർന്ന് സംസാരിച്ചു. “നിങ്ങൾ കണ്ടിട്ടുണ്ടല്ലോ, ചില പ്രദേശങ്ങളിൽ ഭക്ഷണം ലഭ്യമായിട്ടും, ആളുകൾ 35, 40 യാർഡ് അകലെനിന്ന് ഭക്ഷണത്തിനായി നിലവിളിക്കുന്നത് – ഹമാസോ മറ്റാരെങ്കിലുമോ സ്ഥാപിച്ച കടുത്ത നിയന്ത്രണങ്ങൾ കാരണം അവരെ കടത്തിവിടുന്നില്ല,” ട്രംപ് പറഞ്ഞു. എന്നാൽ അത്തരം കർശനമായ നിയന്ത്രണങ്ങൾ ഒഴിവാക്കണം. ഞങ്ങൾ നല്ലതും ശക്തവുമായ ഭക്ഷണം എത്തിക്കാൻ പോകുകയാണ്. ഒരുപാട് ആളുകളെ നമുക്ക് രക്ഷിക്കാൻ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.