വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേര് പലതവണ പ്രത്യക്ഷപ്പെട്ടതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി മെയ് മാസത്തിൽ ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്. കേസ് പുനഃപരിശോധിച്ചതിന് ശേഷം നീതിന്യായ വകുപ്പ് നടത്തിയ യോഗത്തിലാണ് ബോണ്ടി ഈ വിവരം വെളിപ്പെടുത്തിയത്. എപ്‌സ്റ്റൈൻ രേഖകളിൽ മറ്റ് പല ഉന്നത വ്യക്തികളുടെയും പേരുകൾ ഉണ്ടായിരുന്നതായും എന്നാൽ ഒരു “ക്ലയിന്‍റ് ലിസ്റ്റ്” കണ്ടെത്തുന്നതിനുള്ള തെളിവുകളൊന്നും അന്വേഷകർക്ക് ലഭിച്ചില്ലെന്നും ബോണ്ടി യോഗത്തിൽ അറിയിച്ചു.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ വൈറ്റ് ഹൗസ് റിപ്പോർട്ടിനെ വ്യാജവാർത്ത എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ട്രംപിന്‍റെ പേര് ചില രേഖകളിൽ ഉണ്ടായതായി ഭരണകൂടം നിഷേധിക്കുന്നില്ലെന്ന് പിന്നീട് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ വർഷം ആദ്യം ബോണ്ടി പങ്കുവെച്ച രേഖകളിൽ ട്രംപിന്റെ പേര് ഇതിനോടകം ഉണ്ടായിരുന്നതായും അവർ ചൂണ്ടിക്കാട്ടി.
1990-കളിലും 2000-കളുടെ തുടക്കത്തിലും ട്രംപ് എപ്‌സ്റ്റൈനുമായി സൗഹൃദത്തിലായിരുന്നു. ആ കാലഘട്ടത്തിലെ എപ്‌സ്റ്റൈന്റെ സ്വകാര്യ വിമാനത്തിന്റെ യാത്രാ രേഖകളിൽ ട്രംപിന്റെ പേര് പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും പേരുകളും എപ്‌സ്റ്റൈന്റെ കോൺടാക്റ്റ് ബുക്കിൽ മറ്റ് പല വ്യക്തികളുടെയും പേരുകൾക്കൊപ്പം കാണാം. എപ്‌സ്റ്റൈന്റെ മുൻ കൂട്ടാളി ഗിസ്ലൈൻ മാക്സ്‌വെല്ലിനെതിരായ ക്രിമിനൽ കേസ് സമയത്താണ് ഈ വിവരങ്ങളിൽ ഭൂരിഭാഗവും പുറത്തുവിട്ടത്. കുട്ടികളെ ലൈംഗികമായി കടത്തിയതിനും മറ്റ് കുറ്റകൃത്യങ്ങൾക്കും മാക്സ്‌വെല്ലിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.