വാഷിംഗ്ടൺ: വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ കേസിൽ ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ ശുപാർശ ചെയ്യില്ലെന്ന് ഡോണൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി വ്യാഴാഴ്ച അറിയിച്ചു. കുറ്റാരോപിതനായ ലൈംഗിക കുറ്റവാളിയുടെ ഉന്നതരുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പൊതുജന ശ്രദ്ധയും സ്വന്തം അനുയായികളിൽ നിന്നുള്ള സമ്മർദ്ദവും വർധിക്കുന്നതിനിടയിലാണ് പ്രഖ്യാപനം.
“എപ്‌സ്റ്റീൻ കേസിൽ പ്രസിഡന്റ് ഒരു പ്രത്യേക പ്രോസിക്യൂട്ടറെ ശുപാർശ ചെയ്യില്ല. അതാണ് പ്രസിഡൻ്റിൻ്റെ നിലപാട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീൻ വിഷയത്തിൽ വീണ്ടും ഉയർന്നു വരുന്ന താൽപ്പര്യത്തെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ലീവിറ്റ് തള്ളിക്കളഞ്ഞു. ഡെമോക്രാറ്റുകൾ അധികാരത്തിലിരുന്നപ്പോൾ ഈ വിഷയം അവഗണിച്ചുവെന്നും അവർ ആരോപിച്ചു. നീതിന്യായ വകുപ്പിനോടും അറ്റോർണി ജനറൽ പാം ബോണ്ടിയോടും എല്ലാ രേഖകളും സമഗ്രമായി പരിശോധിക്കാൻ ട്രംപ് നേരത്തെ നിർദ്ദേശം നൽകിയിരുന്നതായും ലീവിറ്റ് കൂട്ടിച്ചേർത്തു.
സമ്പന്നനായ സാമ്പത്തിക വിദഗ്ദ്ധനായ എപ്‌സ്റ്റീൻ, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി കടത്തിയതുമായി ബന്ധപ്പെട്ട ഫെഡറൽ കുറ്റങ്ങൾ നേരിടുകയായിരുന്നു. 2019-ൽ ജയിലിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. നിരപരാധിയാണെന്ന് വാദിച്ചിരുന്ന അദ്ദേഹത്തിന്റെ മരണശേഷം കേസ് റദ്ദാക്കിയിരുന്നു.