ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാനഡയ്‌ക്കെതിരേ പ്രഖ്യാപിച്ച 35 ശതമാനം തീരുവയ്‌ക്കെതിരേ ശക്തമായ പ്രതികരണവുമായി കാനഡ രംഗത്തെത്തി. താനും തന്റെ സര്‍ക്കാരും കാനഡയുടെ വ്യവയായത്തെ സംരക്ഷിക്കുന്ന നയം തുടരുമെന്നു കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.അമേരിക്ക കാനഡയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 35 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ പ്രഖ്യാപിച്ചതിനു പിന്നാലൊണ് കാര്‍ണി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുവ നയത്തെ വ്യാപാര സമൂഹം ആശങ്കയോടെയാണ് കാണുന്നത്.ബ്രസീല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ തീരുവ നയം പ്രഖ്യാപിച്ചത്. കാനഡ ഫെന്റനൈല്‍ കടത്ത് തടയുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും ഇതുള്‍പ്പെടെയുള്ള കാരണങ്ങളാണ് ഇത്തരമൊരു തീരുവ ഈടാക്കുന്നതിനു പിന്നിലുള്ള നീക്കമെന്നുമാണ് ട്രംപിന്റെ വാദം.
അമേരിക്കന്‍ നിലപാടിനെതിരേ കാനഡ രംഗത്തു വന്നാല്‍ തീരുവ വീണ്ടും ഉയര്‍ത്തുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടു വച്ചു. ഇതിനു പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ട്രംപിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്. ദേശീയ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കാനഡയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ട്വിറ്ററില്‍ കുറിച്ചു. ”അമേരിക്കയുമായി നടക്കുന്ന നിലവിലെ വ്യാപാര സംഭാഷണങ്ങളിലെ എല്ലാ ഘട്ടങ്ങളിലും കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ തൊഴിലാളികളെയും വ്യവസായങ്ങളെയും ശക്തമായി പിന്തുണച്ച നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. ഈ നിലപാട് തന്നെ തുടരും. ട്രംപ് പ്രഖ്യാപിച്ച തീരുവ ആരംഭിക്കുന്ന ഓഗസ്റ്റ് ഒന്നിനും ഇതേ നിലപാട് തുടരും.
ഫെന്റെയില്‍ കടത്തു തടയുന്നതിനും ഉഭയകക്ഷി ബന്ധം കോര്‍ത്തിണക്കുന്നതിനും കാനഡ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, ഈ രംഗത്ത് യുഎസുമായുള്ള സഹകരണം കാനഡ തുടരുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍, ട്രംപ് 22 രാജ്യങ്ങളിലേക്ക് പുതുക്കിയ തീരുവ നിരക്കുകളുമായി ബന്ധപ്പെട്ട കത്തുകള്‍ അയച്ചുതുടങ്ങി.
Trump’s 35 percent tariff announcement: Prime Minister Mark Carney says Canada will continue to protect its trade and workers