ട്രംപ് ഇടഞ്ഞ ശേഷമുള്ള റഷ്യൻ നിലപാടിലേക്ക് ലോകം ഉറ്റുനോക്കുന്നു; സമാധാന ചര്‍ച്ച ആഹ്വാനവുമായി സെലെൻസ്കി റഷ്യൻ പ്രതികരണം നിർണായകം

ട്രംപ് ഇടഞ്ഞ ശേഷമുള്ള റഷ്യൻ നിലപാടിലേക്ക് ലോകം ഉറ്റുനോക്കുന്നു; സമാധാന ചര്‍ച്ച ആഹ്വാനവുമായി സെലെൻസ്കി റഷ്യൻ പ്രതികരണം നിർണായകം

കീവ്:വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത ആഴ്ച റഷ്യയുമായി കൂടിക്കാഴ്ച നടത്താൻ ആഹ്വാനം ചെയ്യുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. യുക്രൈന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്‌റ്റം ഉമെറോവ് അടുത്ത ആഴ്ച റഷ്യൻ പക്ഷവുമായി കൂടിക്കാഴ്ച നടത്താൻ ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ടെന്ന് സെലെൻസ്കി ശനിയാഴ്ചത്തെ പറഞ്ഞു. ചർച്ചകളുടെ ഗതി മെച്ചപ്പെടണം. വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ സാധ്യമായതെല്ലാം നമ്മൾ ചെയ്യണം. തടവുകാരുടെ കൈമാറ്റം, കുട്ടികളെ തിരികെ കൊണ്ടുവരൽ, കൊലപാതകങ്ങൾ അവസാനിപ്പിക്കൽ എന്നിവ സംബന്ധിച്ച തീരുമാനങ്ങളിൽ നിന്ന് റഷ്യൻ പക്ഷം ഒഴിഞ്ഞുമാറുന്നത് നിർത്തണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.

സമാധാനം ഉറപ്പാക്കാൻ നേതൃതലത്തിലുള്ള ഒരു കൂടിക്കാഴ്ച അത്യന്താപേക്ഷിതമാണ്. അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് യുക്രൈൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, റഷ്യയുടെ പ്രതിനിധി സംഘവുമായി യുക്രൈന്‍റെ കൂടിക്കാഴ്ച നിർദ്ദേശം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്ന് റഷ്യൻ സ്റ്റേറ്റ് മാധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തു.

ഇസ്താംബൂളിൽ നടന്ന വെടിനിർത്തൽ ചർച്ചകളുടെ അവസാന റൗണ്ട് ജൂൺ ആദ്യവാരം അതിവേഗം അവസാനിച്ചിരുന്നു. റഷ്യൻ, യുക്രൈനിയൻ പ്രതിനിധികൾ ഒരു മണിക്കൂറിലധികം മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. സമാധാനത്തിന് പകരമായി ഒരു പ്രദേശവും വിട്ടുകൊടുക്കാൻ യുക്രൈൻ വഴങ്ങിയിരുന്നില്ല. നിലവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ഇടഞ്ഞ സ്ഥിതിക്ക് ചര്‍ച്ചകളുടെ ഗതി എന്താകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

Share Email
Top