വെസ്റ്റ്‌ബറി: എംആർഐ യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട യുഎസ് പൗരന് ഗുരുതരമായി പരിക്കേറ്റു. അനുമതിയില്ലാതെ എംആർഐ മുറിയിൽ പ്രവേശിക്കുകയും ശരീരത്തിൽ ലോഹവസ്തു ധരിക്കുകയും ചെയ്തതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വെസ്റ്റ്‌ബറി ഗ്രാമത്തിലെ നാസാവു ഓപ്പൺ എംആർഐയിൽ പ്രാദേശിക സമയം ബുധനാഴ്ച (ജൂലൈ 16) വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് നാസാവു കൗണ്ടി പോലീസ് വകുപ്പ് അറിയിച്ചു.
61 വയസ്സുകാരനായ ഇയാൾ എംആർഐ യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴുത്തിൽ വലിയ ലോഹച്ചെയിൻ ധരിച്ചിരുന്ന ഇയാൾ, യന്ത്രത്തിലെ ശക്തമായ കാന്തശക്തി കാരണം ഉടൻതന്നെ അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.
യന്ത്രത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിനെത്തുടർന്ന് 61കാരന് ശാരീരിക അസ്വസ്ഥതകളുണ്ടായതായി അധികൃതർ അറിയിച്ചു. ഉടൻതന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ നില അതീവ ഗുരുതരമാണ. എംആർഐ സ്കാൻ നടന്നുകൊണ്ടിരിക്കെ ഇയാൾക്കെങ്ങനെയാണ് മെഡിക്കൽ സ്യൂട്ടിലേക്ക് പ്രവേശനം ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.