വാഷിംഗ്ടണ്‍/ഡൽഹി: ദ്വിരാഷ്ട്ര ഉഭയകക്ഷി വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി ഒരു യുഎസ് സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലെത്തും. ചൊവ്വാഴ്ച ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധി അടുക്കുന്നതിനാൽ ഇരു രാജ്യങ്ങളും ഒരു ഇടക്കാല വ്യാപാര കരാറിൽ ഏർപ്പെടുന്നത് തുടരുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നാൽ, സമയപരിധിക്ക് രണ്ട് ദിവസം മുമ്പ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം താരിഫും പിഴയും ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നടപടി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും രൂക്ഷമായി വിമർശിച്ചത്.
റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യയുമായി ഇന്ത്യ നടത്തുന്ന വ്യാപാരം നല്ലതല്ലെന്നും ട്രംപ് തന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഇന്ത്യ ഉയർന്ന താരിഫുകളാണ് ഈടാക്കുന്നതെന്നും, അമേരിക്കയുമായി താരതമ്യേന കുറഞ്ഞ വ്യാപാരം മാത്രമാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഈ തീരുമാനങ്ങൾ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.