ടെഹ്റാൻ: ഇന്ത്യയെ കൂടെ പിന്തുണച്ച് യുഎസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാൻ. സാമ്പത്തിക മേഖലയെ ആയുധമാക്കി ഇറാൻ, ഇന്ത്യ തുടങ്ങിയ സ്വതന്ത്ര രാജ്യങ്ങളുടെ വളർച്ചയും വികസനവും തടസ്സപ്പെടുത്താനുള്ള നീക്കാണ് യുഎസ് നടത്തുന്നതെന്നാണ് ഇറാന്‍റെ വിമര്‍ശനം. “യുണൈറ്റഡ് സ്റ്റേറ്റ്സ് സമ്പദ്‌വ്യവസ്ഥയെ ആയുധവൽക്കരിക്കുന്നത് തുടരുകയാണ്. ഇറാൻ, ഇന്ത്യ തുടങ്ങിയ സ്വതന്ത്ര രാജ്യങ്ങളിൽ തങ്ങളുടെ ഇംഗിതങ്ങൾ അടിച്ചേൽപ്പിക്കാനും അവയുടെ വളർച്ചയും വികസനവും തടസ്സപ്പെടുത്താനുമുള്ള ഉപകരണങ്ങളായി ഉപരോധങ്ങളെ ഉപയോഗിക്കുന്നു. ഈ നിർബന്ധിത വിവേചനപരമായ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളെയും ദേശീയ പരമാധികാര തത്വങ്ങളെയും ലംഘിക്കുന്നതും സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ ആധുനിക രൂപവുമാണ്,” ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.
“ഇത്തരം നയങ്ങളെ ചെറുക്കുന്നത് കൂടുതൽ ശക്തമായ, പാശ്ചാത്യേതര നേതൃത്വത്തിലുള്ള ബഹുമുഖ ലോകക്രമത്തിനും ശക്തമായ ഗ്ലോബൽ സൗത്തിനും വേണ്ടിയുള്ള നിലപാടാണ്,” എംബസി കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ 25 ശതമാനം തീരുവ ചുമത്തുമെന്നും റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴ ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് ഈ പ്രതികരണം വന്നത്. അതേസമയം, ഇറാന്റെ എണ്ണ വ്യാപാരത്തിനെതിരെ ഏർപ്പെടുത്തിയ പുതിയ യുഎസ് ഉപരോധങ്ങളെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ദുരുദ്ദേശ്യപരമായ നടപടി എന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വിശേഷിപ്പിച്ചത്.