ആധുനിക കേരള സൃഷ്ടിയുടെ പിന്നിലെ മഹാരഥൻ, വി എസ്സിനെ അനുസ്മരിച്ച് മുഖ്യമന്ത്രി; അടിമകളെപ്പോലെ ജീവിച്ച തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയ നേതാവെന്ന് ബേബി

ആധുനിക കേരള സൃഷ്ടിയുടെ പിന്നിലെ മഹാരഥൻ, വി എസ്സിനെ അനുസ്മരിച്ച് മുഖ്യമന്ത്രി; അടിമകളെപ്പോലെ ജീവിച്ച തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയ നേതാവെന്ന് ബേബി

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും തീരാത്ത നഷ്ടമാണെന്ന് അനുസ്മരിച്ച് നേതാക്കൾ. വി.എസ്സിന്റെ സംസ്കാരചടങ്ങുകൾക്കു ശേഷം വലിയ ചുടുകാടിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വി.എസ്. ആധുനിക കേരളത്തിന്റെ നിർമാണത്തിൽ വലിയ പങ്കുവഹിച്ച മഹാരഥനായി നേതാവാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചത്. വി.എസ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ചെങ്കൊടി പ്രസ്ഥാനത്തിന്റെ കീഴിലുള്ള സമരങ്ങളിലൂടെയാണ് വി.എസ്. പോലൊരു നേതാവ് ഉണ്ടായതെന്നും, അടിമകളെപ്പോലെ ജീവിച്ച കർഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വി.എസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആക്രമണങ്ങളും അപവാദ പ്രചാരണങ്ങളും എത്ര നിഷ്ഫലമാണെന്ന് ഈ സമയത്ത് മനസ്സിലാക്കണമെന്നും എം.എ. ബേബി ഓർമിപ്പിച്ചു.

വി.എസ്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ മഹാരഥന്മാരിൽ ഒരാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സി.പി.എമ്മിനും കേരളത്തിനാകെയും വലിയ നഷ്ടമാണ്. കേരളത്തിന്റെ ഉത്തമനായ പുത്രനെ എല്ലാവരും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും പാർട്ടിയുടെ വളർച്ചയ്ക്കും വി.എസ്. വലിയ സംഭാവനകൾ നൽകി. ശത്രുവർഗത്തിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെ നിന്ന അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകമായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ മികച്ച സംഘാടകനായിരുന്നു വി.എസ്. വർഗീയത വളരുന്നതും ജനാധിപത്യത്തെക്കുറിച്ച് ആശങ്ക ഉയരുന്നതുമായ ഈ കാലത്താണ് അദ്ദേഹത്തിന്റെ വിയോഗം. എന്നാൽ, കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരം നേതാക്കളുടെ അഭാവം മറികടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൻകെ പ്രേമചന്ദ്രൻ എംപി തുടങ്ങി നിരവധി നേതാക്കളും വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് യോഗത്തിൽ സംസാരിച്ചു.

Share Email
Top