ബാങ്കോക്ക്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ കോൺഫറൻസിന് ബാങ്കോക്കിൽ ചാവോ പ്രയാ നദിയിലൂടെയുള്ള ആഡംബര കപ്പൽ സവാരിയോടെ തുടക്കമായി. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നായി 565 പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.
മുൻ എംപി കെ. മുരളീധരൻ, എംഎൽഎ സനീഷ് കുമാർ, നടി സോന നായർ, കവി മുരുകൻ കാട്ടാക്കട എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളായ ചെയർപേഴ്സൺ തങ്കമണി ദിവാകരൻ, പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, കോൺഫറൻസ് കമ്മിറ്റി ചെയർമാൻ ബാബു സ്റ്റീഫൻ, വൈസ് ചെയർ സുരേന്ദ്രൻ കണ്ണാട്ട്, ജനറൽ കൺവീനർ അജോയ് കല്ലുംകുന്നേൽ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും സ്വീകരിച്ചു.

നമ്മുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികൾക്ക് അവസരമൊരുക്കുക എന്നതും ഈ ആഗോള സംഗമത്തിന്റെ ലക്ഷ്യമാണ്. ആശയവിനിമയത്തിലൂടെയും സഹകരണത്തിലൂടെയും യുവാക്കളെയും സംരംഭകരെയും ആഗോള തലത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്.

ജൂലൈ 28 വരെ നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ ബിസിനസ് സമ്മേളനങ്ങൾ, നേതൃത്വ സെഷനുകൾ, സാംസ്കാരിക പരിപാടികൾ, WMC ഗ്ലോബൽ അവാർഡുകൾ എന്നിവ നടക്കും. ബാങ്കോക്കിൽ നടക്കുന്ന ഈ സംഗമം ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.


World Malayali Council Global Meet in Bangkok begins