‘ആദ്യ ബഹിരാകാശ യാത്ര നടത്തിയതു ഹനുമാന്ജി’; അനുരാഗ് ഠാകൂരിന്റെ മറുപടി വിവാദത്തിൽ

‘ആദ്യ ബഹിരാകാശ യാത്ര നടത്തിയതു ഹനുമാന്ജി’; അനുരാഗ് ഠാകൂരിന്റെ മറുപടി വിവാദത്തിൽ

ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി, ബി.ജെ.പി നേതാവ് അനുരാഗ് സിങ് ഠാകൂർ നൽകിയ മറുപടി വലിയ വിവാദമായി.

ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികളോട് “ആദ്യമായി ബഹിരാകാശ യാത്ര നടത്തിയതു ആര്?” എന്ന് ചോദിച്ചപ്പോൾ കുട്ടികൾ “നീൽ ആംസ്ട്രോങ്” എന്ന് മറുപടി പറഞ്ഞു. എന്നാൽ, “ഹനുമാൻ ജിയാണ് ആദ്യ ബഹിരാകാശ യാത്ര ചെയ്തത്” എന്നാണ് മുൻ മന്ത്രി തിരുത്തി പറഞ്ഞത്.

പാഠപുസ്തകങ്ങൾ ബ്രിട്ടീഷുകാർ നൽകിയതാണെന്നും, അധ്യാപകർ വേദങ്ങളും ഇന്ത്യൻ ഗ്രന്ഥങ്ങളും പഠിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. “അതുവഴി കുട്ടികൾക്ക് പുതിയ അറിവുകൾ ലഭിക്കും, അല്ലെങ്കിൽ ബ്രിട്ടീഷുകാർ എഴുതിയത് മാത്രമേ പഠിക്കപ്പെടുകയുള്ളൂ” എന്നും ഠാകൂർ പറഞ്ഞു. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സ്വന്തം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

1961-ൽ സോവിയറ്റ് പൈലറ്റായ യൂറി ഗഗാറിനാണ് ആദ്യമായി ബഹിരാകാശത്ത് പോയത്. 1969-ൽ നീൽ ആംസ്ട്രോങ് ആണ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. ഇന്ത്യയിൽ നിന്ന് 1984-ൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തി. അടുത്തിടെ ശുഭാൻഷു ശുക്ല ബഹിരാകാശ സഞ്ചാരിയായി ഇന്ത്യയുടെ നേട്ടം ആവർത്തിച്ചു.

കുട്ടികൾക്ക് തെറ്റായ അറിവ് നൽകിയത് വിവാദമാകുമ്പോൾ, ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ശക്തമായി പ്രതികരിച്ചു. “ശാസ്ത്രം പുരാണമല്ല. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് വിജ്ഞാനത്തെയും ഭരണഘടനയെയും അപമാനിക്കലാണ്. ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന തത്വത്തെ അവഹേളിക്കുകയാണ് മുൻ മന്ത്രി ചെയ്തത്” – കനിമൊഴി വിമർശിച്ചു.

അനുരാഗ് ഠാകൂരിന്റെ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

“Hanuman Ji Was the First to Travel to Space”; Anurag Thakur’s Response Sparks Controversy

Share Email
LATEST
Top