മിനിയാപൊളിസ്: മിനിയാപൊളിസിൽ ചൊവ്വാഴ്ച പട്ടാപ്പകൽ ഹൈ-വെലോസിറ്റി റൈഫിളുമായി എത്തിയ അക്രമി വഴിയാത്രക്കാർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഏഴ് ഇരകളിൽ ഒരാൾ അക്രമിയുടെ ലക്ഷ്യമായിരുന്നിരിക്കാമെന്ന് മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാൻ ഓ’ഹാറ പറഞ്ഞു. ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാപ്പകൽ ഇത്രയധികം ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഓ’ഹാറ പറഞ്ഞു.
വെടിവെപ്പിന് ശേഷം അക്രമി വാഹനത്തിൽ രക്ഷപ്പെട്ടെന്നും ഇപ്പോഴും ഒളിവിലാണെന്നും പോലീസ് മേധാവി അറിയിച്ചു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ ഒരു കത്തോലിക്കാ ഹൈസ്കൂളിന് എതിർവശത്തുള്ള നടപ്പാതയിൽ കൂട്ടമായി നിൽക്കുകയായിരുന്നു. ഉച്ചയ്ക്ക് 1:30-ഓടെ ഏകദേശം 30 റൗണ്ട് വെടിയുതിർത്തതായി ‘ഷോട്ട്‌സ്‌പോട്ടർ’ എന്ന വെടിയൊച്ച കണ്ടെത്തൽ സംവിധാനം വഴി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘം ഒരാളെ മരിച്ച നിലയിലും, സമീപത്തെ കടകളിലായി ആറ് പേരെ പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.