സ്വീഡനിലെ 113 വർഷം പഴക്കമുള്ള പള്ളി കൂറ്റൻ ലോറിയിൽ കയറ്റി അഞ്ച് കിലോമീറ്റർ മാറ്റി സ്ഥാപിക്കുന്നത് കൗതുകമുള്ള കാഴ്ചയായി

സ്വീഡനിലെ 113 വർഷം പഴക്കമുള്ള പള്ളി കൂറ്റൻ ലോറിയിൽ കയറ്റി അഞ്ച് കിലോമീറ്റർ മാറ്റി സ്ഥാപിക്കുന്നത് കൗതുകമുള്ള കാഴ്ചയായി
Share Email

സ്വീഡൻ: 113 വർഷം പഴക്കമുള്ള ഒരു പള്ളി അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് കൗതുകമുള്ള കാഴ്ചയായി. സ്വീഡന്റെ വടക്കൻ ഭാഗത്തുള്ള കിരുണയിലാണ് സംഭവം. നിരന്തരമായ ഇരുമ്പയിര് ഖനനം കാരണം ഭൂമിക്കടിയിൽ വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.

ഒരു മരം പറിച്ചു മാറ്റുന്നതുപോലെ പൂർണ്ണരൂപത്തിൽ ഇളക്കിയെടുത്ത ചുവന്ന തടിപ്പള്ളി കൂറ്റൻ ലോറിയിൽ കയറ്റിയാണ് മാറ്റിയത്. പള്ളിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മണിക്കൂറിൽ അര കിലോമീറ്റർ വേഗത്തിലാണ് ലോറി സഞ്ചരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് കരുതപ്പെടുന്നു.

1912-ൽ നിർമ്മിച്ച ഈ പള്ളിക്ക് 35 മീറ്റർ ഉയരവും 40 മീറ്റർ വീതിയും 672 ടൺ ഭാരവുമുണ്ട്. ആർട്ടിക് സർക്കിളിന് 145 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിൽ, പള്ളി വികാരി ലെന റ്റ്‌ജോൺബെർഗിന്റെയും ലുലിയ രൂപതയിലെ ബിഷപ്പ് ആസ നിസ്‌ട്രോമിന്റെയും പ്രാർത്ഥനകളോടെയാണ് മാറ്റം ആരംഭിച്ചത്. ചടങ്ങ് കാണാൻ സ്വീഡന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനക്കൂട്ടം എത്തിച്ചേർന്നു.

ഇതൊരു ചരിത്രസംഭവമാണെന്ന് നീക്കത്തിന് നേതൃത്വം നൽകിയ പ്രോജക്ട് മാനേജർ സ്റ്റെഫാൻ ഹോംബ്ലാഡ് ജോഹാൻസൺ പറഞ്ഞു. ഈ നീക്കത്തിനായുള്ള വെല്ലുവിളികളിൽ ഏറ്റവും വലുത് റോഡ് ഒരുക്കുകയായിരുന്നു. ഇതിനായി റോഡിന് വീതി കൂട്ടുകയും ഒരു പാലം നീക്കം ചെയ്യുകയും ചെയ്തു.

നേരത്തെ, പഴയ സിറ്റി ഹാളിന്റെ ക്ലോക്ക് ടവറും ഇത്തരത്തിൽ മാറ്റി സ്ഥാപിച്ചിരുന്നു. 1950-ന് മുമ്പുള്ള സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടമായി ഇത് ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പള്ളി നീക്കം ചെയ്യുന്നത് സ്വീഡിഷ് ടെലിവിഷൻ ചാനലുകൾ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു.

A 113-year-old church in Sweden was moved five kilometers on a huge lorry, creating a fascinating sight.

Share Email
Top