കാനഡയിലെ മിസിസാഗയിൽ 51 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ അനാച്ഛാദനം നടത്തി. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാല് വർഷം മുൻപ് നിർമാണം തുടങ്ങിയ പ്രതിമ, ഡൽഹിയിൽ തയ്യാറാക്കി കാനഡയിൽ എത്തിച്ച് കൂട്ടിച്ചേർത്തതാണ്. ഉറപ്പുള്ള ഉരുക്കുചട്ടക്കൂട് ഉള്ള പ്രതിമയെ നൂറ്റാണ്ടോളം കേടുപാടില്ലാതെ നിലനിർത്തും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള കാറ്റിനെയും പ്രതിമ ചെറുക്കും. ടൊറോന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്ക് വിമാനത്തിൽ നിന്ന് തന്നെ പ്രതിമ കാണാനാകും.
ഓഗസ്റ്റ് 3-നാണ് ഹിന്ദു ഹെറിറ്റേജ് സെന്ററിൽ അനാച്ഛാദനച്ചടങ്ങ് നടന്നത്. “മിസിസാഗയിലെ ഹിന്ദു സമൂഹത്തിനുള്ള നാഴികക്കല്ലാണ് ഈ പ്രതിമ,” എന്ന് മേയർ കാരലിൻ പാരിഷ് പറഞ്ഞു. സന്ദർശകരെ ഊഷ്മളമായി സ്വീകരിക്കുമെന്നും അവർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ദു, വനിത-ലിംഗസമത്വ മന്ത്രി റെച്ചി വാൽഡെസ്, ട്രഷറി ബോർഡ് പ്രസിഡന്റ് ഷഫ്ഖാത് അലി തുടങ്ങിയ കാനഡ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
പ്രതിമ സ്ഥാപിച്ച ഏഴടി ഉയരമുള്ള പീഠം ഒഴികെ 51 അടി ഉയരമാണെന്ന് ഹിന്ദു ഹെറിറ്റേജ് സെന്റർ അറിയിച്ചു. പ്രതിമയുടെ മുകളിൽ ഒരു കുട കൂടി സ്ഥാപിക്കുമെന്നാണ് വിവരം. ഹരിയാണയിലെ മാനേസറിലെ മാതുറാം ആർട്ട് സെന്ററിലെ ശിൽപി നരേഷ് കുമാർ രൂപകൽപ്പനയും നിർമാണവും നിർവഹിച്ചു. ഇന്തോ-കാനേഡിയൻ ബിസിനസുകാരൻ ലാജ് പ്രാഷേരാണ് പ്രതിമ കമ്മിഷൻ ചെയ്തത്. ഹിന്ദു സമൂഹത്തിന് ലഭിച്ച ആത്മീയ നേട്ടമാണിതെന്നും അഭിമാന നിമിഷമാണിതെന്നും സ്ഥാപകൻ ആചാര്യ സുരീന്ദർ ശർമ്മ ശാസ്ത്രി പറഞ്ഞു.
51-foot-tall Lord Rama statue unveiled in Canada; tallest Lord Rama statue in North America.