60 കോടിയുടെ വഞ്ചനാക്കുറ്റം: നടി ശില്പാ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്

60 കോടിയുടെ വഞ്ചനാക്കുറ്റം: നടി ശില്പാ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്

മുംബൈ: ബോളിവുഡ് നടി ശില്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ 60 കോടിയുടെ വഞ്ചനാക്കുറ്റക്കേസ്. വ്യവസായിയായ ദീപക് കോത്താരിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നടിയും ഭര്‍ത്താവും ഗൂഢാലോചന നടത്തി 60 കോടി രൂപ വഞ്ചിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇവരുടെ സ്ഥാപനമായ ബെസ്റ്റ് ഡീല്‍ ടിവിയുമായി ബന്ധപ്പെട്ട ഇടപാടുമായി ബന്ധപ്പെട്ടാണ് തന്റെ പണം നഷ്ടമായതെന്നാണ് ദീപക്കിന്റെ പരാതി.

ലോട്ടസ് ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടര്‍ആയ ദീപക് കോത്താരി തന്റെ പരാതിയില്‍ രാജേഷ് ആര്യ എന്ന വ്യക്തിയാണ് തന്നെ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തിയതെന്ന് പറയുന്നു.. ബോളിവുഡ് ദമ്പതികള്‍ ആദ്യം 12 ശതമാനം പലിശയ്ക്ക് 75 കോടി രൂപ വായ്പ ആവശ്യപ്പെട്ടു. പിന്നീട് ഉയര്‍ന്ന നികുതി ഒഴിവാക്കുന്നതിനായി ഫണ്ട് നിക്ഷേപമായി’ മാറ്റാന്‍ തന്നെ പ്രേരിപ്പിച്ചു, അതേസമയം പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പാക്കി.

ഉറപ്പുകള്‍ക്ക് ശേഷം, ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാറിന്റെ കീഴില്‍ 2015 ഏപ്രിലില്‍ 31.95 കോടി രൂപയും തുടര്‍ന്ന് 2015 സെപ്റ്റംബറില്‍ ഉപകരാറിന്റെ കീഴില്‍ 28.53 കോടി രൂപയും കൈമാറിയതായി കോത്താരി പറയുന്നു. മൊത്തം തുക ബെസ്റ്റ് ഡീല്‍ ടിവിയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തതായും ഇയാള്‍ അവകാശപ്പെടുന്നു.

എന്നാല്‍ 2016 സെപ്റ്റംബറില്‍ ഷെട്ടി ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. അടുത്ത വര്‍ഷം, മറ്റൊരു കരാറില്‍ വീഴ്ച വരുത്തിയതിന് കമ്പനിയ്‌ക്കെതിരേ വിവിധ പരാതികളില്‍ നിമനടപടികളും തുടങ്ങി. രാജേഷ് ആര്യ എന്ന ഇടനിലക്കാരന്‍ വഴി തന്റെ പണം തിരികെ വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. തന്റെ കൈയില്‍ നിന്നും വാങ്ങിയ കോടികള്‍ നടിയും ഭര്‍ത്താവും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഒടുവില്‍ ദീപക് ക്കോത്താരി കേസ് ഫയല്‍ ചെയ്തത്. 10 കോടിയില്‍ കൂടിയ സാമ്പത്തീക ഇടപാട് ആയതിനാല്‍ കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി

ഈ വര്‍ഷം ആദ്യം ഒരു സ്വര്‍ണ്ണ പദ്ധതിയില്‍ നിക്ഷേപകനെ വഞ്ചിച്ചതില്‍ ശില്പയ്ക്കും ഭര്‍ത്താവിനുമെതിരേ കേസെടുത്തിരുന്നു. കുന്ദ്ര ബിറ്റ്‌ കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രത്യേക കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണ പരിധിയിലുമാണ്.

60 crore fraud case: Case filed against actress Shilpa Shetty and her husband

Share Email
LATEST
Top