എഴുപത്തിയൊൻപതാമത് സ്വാതന്ത്ര്യദിന നിറവിൽ രാജ്യം. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി തുടർച്ചയായ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗം നടത്തും. ചെങ്കോട്ടയിലും പരിസരത്തുമായി 11,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും 3,000 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും നിയോഗിച്ചിരിക്കുകയാണ്. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ഏറ്റവും കൂടുതൽ തവണ പതാക ഉയർത്തിയ പ്രധാനമന്ത്രിമാരിൽ മൂന്നാം സ്ഥാനത്താണ് മോദി. ജവഹർലാൽ നെഹ്‌റു 17 തവണയും ഇന്ദിരാഗാന്ധി 16 തവണയും പതാക ഉയർത്തിയിട്ടുണ്ട്. 2024-ൽ 98 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലൂടെ മോദി സ്വാതന്ത്ര്യദിനത്തിലെ ദൈർഘ്യമേറിയ പ്രസംഗത്തിന്റെ റെക്കോർഡ് സ്വന്തമാക്കി. 2015-ൽ അദ്ദേഹം നടത്തിയ 88 മിനിറ്റ് പ്രസംഗം മുമ്പത്തെ റെക്കോർഡ് ആയിരുന്നു.
ഇന്നത്തെ പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ, വോട്ടർ പട്ടിക ക്രമക്കേട്, പകരം തീരുവ എന്നിവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും പുതിയ കേന്ദ്രപദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9-ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിൽ മന്ത്രിമാരും നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ.എൻ. ഷംസീറും പതാക ഉയർത്തും.
സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് വികസിത ഭാരതം തീർക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
79th Independence Day Celebrations in India: Modi Hoists Flag at Red Fort; Tight Security Across the Nation