കീര്‍ത്തന ഒരുക്കി കെഎസ്ആര്‍ടിസിക്കായി ഒരു ‘യാത്രാക്കൂട്ട്’, അഭിനന്ദനവുമായി ഗതാഗതമന്ത്രി

കീര്‍ത്തന ഒരുക്കി കെഎസ്ആര്‍ടിസിക്കായി ഒരു ‘യാത്രാക്കൂട്ട്’,  അഭിനന്ദനവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: കീര്‍ത്തന കെഎസ്ആര്‍ടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്സൈറ്റ് ശ്രദ്ധേയമാകുന്നു. ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കീര്‍ത്തനയുടെ വെബ്സൈറ്റിന് അഭിനന്ദനവുമായി രംഗത്തെത്തി. പൂജപ്പുര എല്‍ബിഎസ് വനിതാ കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയായ കീര്‍ത്തന സാറാ കിരണ്‍ മൂന്നാഴ്ച്ച കൊണ്ടാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റി സര്‍ക്കുലാര്‍ ബസുകളുടെ യാത്രാവിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റ് തയാറാക്കിയത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെ നിരവധി യാത്രക്കാരും വിനോദസഞ്ചാരികളും വന്നിറങ്ങുന്ന തലസ്ഥാന നഗരിയിലെ സിറ്റി സര്‍വീസ് ബസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലാണ് ഈ വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുക. കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും വെബൈസ്റ്റില്‍ അടിച്ചു നല്കിയാല്‍ ഈ റൂട്ടുവഴിയുള്ള സിറ്റി സര്‍ക്കുലാര്‍ ബസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കും. കൂടാതെ ഇത് കടന്നുപോകുന്ന പ്രധാന പോയിന്റുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ബസിന്റെ കളര്‍കോഡ് ഉള്‍പ്പെടെയുള്ളവ മനസിലാക്കി യാത്രക്കാര്‍ക്ക് ബസില്‍ കയറാം.

കീര്‍ത്തന തന്റെ സ്വദേശമായ കോട്ടയത്തു നിന്നും തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി പൂജപ്പുര കോളജിലേക്ക് പോകാന്‍ കാത്തു നിന്നപ്പോള്‍ വന്ന ഇലക്ട്രിക് ബസില്‍ റൂട്ട് സംബന്ധിച്ച കോഡുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത്തരമൊരു വെബ്സൈറ്റെന്ന ആശയം മനസില്‍ രൂപപ്പെട്ടത്.

തുടര്‍ന്ന് ഇക്കാര്യം കോളജ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ.എം.ഡി സുമിത്രയും എല്‍ബിഎസ് ഡയറക്ടര്‍ ഡോ.എം.അബ്ദുള്‍ റഹ്മാനേയും അറിയിച്ചു. ഇവരുടെ പൂര്‍ണമായ പിന്തുണ ലഭിച്ചതോടെയാണ് വെബ്സൈറ്റ് രൂപകല്പന ചെയ്യാന്‍ തീരുമാനിച്ചത്. രൂപകല്പന ചെയ്ത വെബ്സൈറ്റ് ഗതാഗത മന്ത്രി ഗണേഷ്‌കുമാറിനെ നേരില്‍ കാണിച്ചു.

ഗതാഗതമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി ആര്‍. അജിത്കുമാറും വെബ്സൈറ്റ് മന്ത്രിയെ കാണിക്കുന്നതിന് ഉള്‍പ്പെടെ പിന്തുണയും നല്കി. വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതിനുള്ള സാമ്പത്തീക സഹായം ഗതാഗത വകുപ്പ് വാഗ്ദാനവും ചെയ്തു. എന്നാല്‍ ഇത് ഹോസ്റ്റ് ചെയ്യാനുള്ള നടപടി കോളജ് ഏറ്റെടുക്കുകയായിരുന്നു.
നിലവില്‍ ഫ്രീ ഹോസ്റ്റിംഗ് പ്ലാറ്റ് ഫോമായ വേര്‍സലിലാണ് വെബ്സൈറ്റ്.

കോട്ടയം തിരുവഞ്ചൂര്‍ ഇടച്ചേരിലായ നീലാണൂര്‍ കിരണ്‍ ജോസഫിന്റെയും (ദീപിക കോട്ടയം), മാന്നാനം കെ.ഇ സ്‌കൂള്‍ അധ്യാപികയായ ബിന്ദുമോള്‍ കെ.ഇയുടെയും മകളാണ് കീര്‍ത്തന.

A ‘travel team’ prepared a kirtana for KSRTC: Transport Minister congratulates

Share Email
Top