‘നിരന്തരം അശ്ലീല സന്ദേശം, സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചു’; യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടി

‘നിരന്തരം അശ്ലീല സന്ദേശം, സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചു’; യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടി

കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ്. തനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു. ആ വ്യക്തി അയാളുടെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകൾക്കും ശല്യമാണെന്ന് റിനി വെളിപ്പെടുത്തി.

ഏതെങ്കിലും പാർട്ടിയെയോ പ്രസ്ഥാനത്തെയോ താറടിക്കാൻ താൻ ശ്രമിക്കുന്നില്ല. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ ആണു ഇത് പറയുന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരോട് ഈ കാര്യം പറഞ്ഞിരുന്നതായും, പരാതിയായി ഉന്നയിച്ചപ്പോൾ പല വിഗ്രഹങ്ങളും ഉടഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോൾ, ‘അത് അവന്റെ മിടുക്ക്’ എന്നാണ് മറുപടി ലഭിച്ചത്. മൂന്നര വർഷം മുൻപ് സമൂഹമാധ്യമം വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും നല്ല സൗഹൃദം പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം രീതിയിലാണ് സംസാരിച്ചതെന്നും റിനി പറഞ്ഞു. താൻ ഉപദേശിച്ചപ്പോൾ, സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നായിരുന്നു അയാളുടെ മറുപടി. പലരും ‘ആരാണ് ശ്രദ്ധിക്കാൻ’ എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കുകയാണെന്നും റിനി വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിരുന്നു എന്നും അവർ വെളിപ്പെടുത്തി.

ഈ വ്യക്തി കാരണം പീഡനം അനുഭവിക്കുന്ന മറ്റു പെൺകുട്ടികൾ ധൈര്യമായി മുന്നോട്ട് വരണമെന്നും, ഇയാൾക്ക് വലിയ സംരക്ഷണ സംവിധാനമുണ്ടെന്നും റിനി പറഞ്ഞു. താൻ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയാനാണ് അയാൾ പറഞ്ഞതെന്നും അവർ വെളിപ്പെടുത്തി.

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ഇപ്പോഴത്തെയും ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി.

Share Email
Top