അലാസ്ക ഉച്ചകോടി: ട്രംപ്–പുട്ടിൻ ചർച്ച; യുക്രെയ്ൻ യുദ്ധവും ആഗോള രാഷ്ട്രീയവും നിർണായക ഘട്ടത്തിൽ

അലാസ്ക ഉച്ചകോടി: ട്രംപ്–പുട്ടിൻ ചർച്ച; യുക്രെയ്ൻ യുദ്ധവും ആഗോള രാഷ്ട്രീയവും നിർണായക ഘട്ടത്തിൽ

ലോകത്തിന്റെ ശ്രദ്ധ അലാസ്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവർ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് . യുക്രെയ്ൻ യുദ്ധത്തിന്റെ ഭാവി മാത്രമല്ല, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളുടെ നിലപാടുകളെയും സ്വാധീനിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഉച്ചകോടിയുടെ വിജയത്തിനോ പരാജയത്തിനോ കാരണമാകുന്നത് നേതാക്കളുടെ സ്വഭാവവും സമീപനവുമാണെന്ന് നിരീക്ഷകർ പറയുന്നു. പുട്ടിൻ വാക്കിലും പ്രവൃത്തിയിലും അളന്ന് നീങ്ങുന്നവനാണ്. ട്രംപ് മുൻ നിലപാടുകൾ മാറ്റി അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കുന്ന ശൈലിയുള്ളയാൾ . മുൻപ് കിം ജോങ് ഉനുമായും യുക്രെയ്ൻ പ്രധാനമന്ത്രി സെലെൻസ്കിയുമായും നടത്തിയ ചർച്ചകൾ ഗുണപരമായ ഫലം നൽകാത്തതിനാൽ, അലാസ്ക ഉച്ചകോടിയും പരാജയപ്പെടും എന്ന പ്രവചനങ്ങളുണ്ട്.

ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് അനുകൂലമായ തീരുമാനങ്ങൾ വന്നാൽ ട്രംപിന് ആഭ്യന്തര-ആഗോള തലങ്ങളിൽ വിമർശനമുയരും. ഭൂമി കൈമാറ്റ സന്ധി ഉണ്ടെങ്കിൽ യൂറോപ്യൻ സഖ്യകക്ഷികളുടെ കടുത്ത എതിർപ്പും നാറ്റോയിൽ ഭിന്നതയും സാദ്ധ്യമാണ്. എന്നാൽ യുദ്ധത്തിന് അവസാനം കുറിച്ച് ഫലപ്രദമായ കരാറുകൾ ഉണ്ടാകുകയാണെങ്കിൽ, ട്രംപിന്റെ നൊബേൽ സ്വപ്നത്തിന് കൂടുതൽ കരുത്ത് ലഭിക്കും.

ചർച്ചകൾ ബിസിനസ് വിഷയങ്ങളിലേക്കും നീളാമെന്നാണ് സൂചന. ആർട്ടിക് മേഖലയിലെ പ്രകൃതി വിഭവങ്ങൾ, യുക്രെയ്‌നിലെ ഖനിമേഖലകൾ, ഉപരോധങ്ങളുടെ ഭാഗമായി യുഎസിൽ മരവിപ്പിച്ചിരിക്കുന്ന റഷ്യയുടെ ആസ്തികൾ എന്നിവ ചർച്ചാവിഷയമാകാം. യൂറോപ്യൻ സഖ്യരാജ്യങ്ങളെ കൂടാതെ ട്രംപ് ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുമോ എന്നും ലോകം ഉറ്റുനോക്കുന്നു.

ഇന്ത്യക്ക്, താരിഫ്‌ യുദ്ധം അവസാനിക്കുന്നതിനൊപ്പം അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുകയും റഷ്യൻ എണ്ണ ഇറക്കുമതി തുടരാനും അവസരം ലഭിക്കാനുമാണ് സാധ്യത.

Alaska Summit: Trump–Putin Talks Put Ukraine War and Global Politics at a Crucial Crossroads

Share Email
LATEST
Top