ഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തിയത് ഇന്ത്യക്ക് വലിയൊരു അവസരമാണെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഈ നീക്കം വ്യാപാര രംഗത്ത് ഇന്ത്യക്ക് തിരിച്ചടിയാകുമെങ്കിലും, ഇത് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനും വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കാനുമുള്ള സുവർണാവസരമാണെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങുന്നത് തടയുന്നതിന്റെ ഭാഗമായാണ് ട്രംപ് പിഴ തീരുവ ചുമത്തിയത്. ഈ തീരുവ കാരണം, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സ്റ്റീൽ, യന്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില വർദ്ധിക്കും.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിനുള്ള പ്രതികരണമായിട്ടാണ് ഡൊണാൾഡ് ട്രംപ് ഈ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്നാണ് ട്രംപിന്റെ ആരോപണം.
നേരത്തെ ഇന്ത്യക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ വീണ്ടും 25% കൂടി വർദ്ധിപ്പിച്ച് ആകെ തീരുവ 50% ആക്കിയത്.
ഈ തീരുവ കാരണം തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സ്റ്റീൽ, യന്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ചെമ്മീൻ തുടങ്ങിയ നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കൂടും. ഇത് ഇന്ത്യൻ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ നിലപാട്: അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുമ്പോൾ, ഇന്ത്യയെ മാത്രം ലക്ഷ്യം വെക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.