ലോസ് ആഞ്ജലിസ്: ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ വഹിച്ചുകൊണ്ടിരുന്ന ട്രക്കിനുള്ളിൽ തീപിടിച്ചതിനെ തുടർന്ന് ആറ് കാറുകൾ പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സിൽമറിലെ ഗോൾഡൻ സ്റ്റേറ്റ് ഫ്രീവേയിൽ വെച്ചാണ് അപകടം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കിൽ ഉണ്ടായിരുന്ന എട്ട് കാറുകളിൽ ആറെണ്ണം പൂർണമായും നശിച്ചതായി എൻബിസി വ്യക്തമാക്കി. ബാക്കി രണ്ട് കാറുകൾ ട്രെയിലറിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തീപ്പിടിത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലോസ് ആഞ്ജലിസ് അഗ്നിരക്ഷാസേന, കാറുകളിൽ ഭൂരിഭാഗവും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇലക്ട്രിക് കാറുകളിലെ ലിഥിയം അയൺ ബാറ്ററികൾക്ക് തീ പടർന്നതാണ് തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. രാത്രിയോടെ മാത്രമാണ് തീ പൂർണമായും അണയ്ക്കാനായത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് വിഷാംശമുള്ള പുക പടർന്നതിനാൽ ഗോൾഡൻ സ്റ്റേറ്റ് ഫ്രീവേയിലെ പാതകൾ താൽക്കാലികമായി അടച്ചതായി എബിസി 7 റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടെസ്‌ല കാറുകളുടെ ബാറ്ററികളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ വീണ്ടും ചർച്ചയാകാൻ ഇടയാക്കിയിരിക്കുകയാണ് ഈ സംഭവം.