ഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ല ഡൽഹിയിൽ തിരിച്ചെത്തി. ഡൽഹിയിൽ വിമാനമിറങ്ങിയ ശുക്ലയെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു.
നാസ, ആക്സിയോം, സ്പേസ്എക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പരിശീലനാനുഭവങ്ങൾ ഗഗൻയാൻ ദൗത്യം (2027), ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (2035), ചന്ദ്രനിലേക്കുള്ള യാത്രിക ദൗത്യം (2040) എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് ഉപയോഗപ്പെടുമെന്ന് രാജ്യം പ്രത്യാശിക്കുന്നു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രധാനമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. കൂടാതെ ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. ലോക്സഭയിലും ശുക്ലയുടെ ദൗത്യം ചർച്ചയാകാൻ സാധ്യതയുണ്ട്. വീട്ടിൽ തിരിച്ചെത്തിയതിലുള്ള സന്തോഷവും ലഭിച്ച പിന്തുണയോടുള്ള നന്ദിയും പ്രകടിപ്പിച്ച് ശുക്ല ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ലക്നൗവിലുള്ള അദ്ദേഹത്തിന്റെ കുടുംബവും മകന്റെ തിരിച്ചുവരവിനായുള്ള ആവേശം പങ്കുവെച്ചു.
ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-ന് ആണ്ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ 15-ന് അദ്ദേഹവും നാല് സംഘംഗങ്ങളും തിരികെ എത്തി.