അസർബയ്ജാൻ – അർമീനയ സമാധാനക്കരാർ: ഇരുരാജ്യത്തിനുമിടയിൽ ഉണ്ടാക്കുന്ന ഇടനാഴിക്ക് ട്രംപിൻ്റെ പേരിടും

അസർബയ്ജാൻ – അർമീനയ സമാധാനക്കരാർ: ഇരുരാജ്യത്തിനുമിടയിൽ ഉണ്ടാക്കുന്ന ഇടനാഴിക്ക് ട്രംപിൻ്റെ പേരിടും

വാഷിങ്ടൺ: നഗോർണോ-കാരബാക്ക് പ്രദേശത്തെച്ചൊല്ലി നാലുപതിറ്റാണ്ടോളമായി സായുധസംഘർഷത്തിൽ ഏർപ്പെട്ടിരുന്ന അസർബയ്ജാനും അർമീനയയും വെള്ളിയാഴ്ച സമാധാനക്കരാർ ഒപ്പിട്ടതിനു പിന്നാലെ ഇരുരാജ്യത്തിനുമിടയിൽ ഉണ്ടാക്കുന്ന പുതിയ ഇടനാഴിക്ക് ‘ട്രംപ് റൂട്ട് ഫോർ ഇന്റർനാഷണൽ പീസ് ആൻഡ് പ്രോസ്പെരിറ്റി’ എന്നു പേരിടും. അർമീനിയയാണ് ഈ പേര് നിർദേശിച്ചത്. ഇത് വലിയ ആദരവാണെന്നും ഇങ്ങനെ ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സാക്ഷിനിർത്തി അസർബയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവും അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പെഷിന്യാനും പരസ്പരം കൈകൊടുത്തു. രണ്ടുരാജ്യങ്ങളും യുഎസുമായി സാമ്പത്തികക്കരാറിലേർപ്പെട്ടു.

അസർബയ്ജാനും അതിന്റെ സ്വയംഭരണപ്രദേശമായ നഖ്ചിവാനുമിടയിലാണ് ട്രംപിന്റെ പേരിലുള്ള ഇടനാഴിവരുക. ഇതിനിടയിൽ 32 കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശം അർമീനിയയുടേതാണ്. ഇതുവഴി പാതവേണമെന്ന അസർബയ്ജാന്റെ ആവശ്യത്തിന്റെപേരിൽ മുൻ സമാധാനചർച്ചകൾ പരാജയപ്പെട്ടിരുന്നു. ട്രംപ് പാതയിൽ റെയിൽപ്പാളവും എണ്ണ, പ്രകൃതിവാതക പൈപ്പ്‌ലൈനുകളും ഫൈബർ ഒപ്റ്റിക് ലൈനുകളുമുണ്ടാകും. എണ്ണ ഉത്പാദകരാജ്യമായ അസർബയ്ജാനെ തുർക്കിയുമായും അതുവഴി യൂറോപ്പുമായും ബന്ധിപ്പിക്കുന്ന പാതയാകും ഇത്.

അർമീനിയൻ വംശജർ കൂടുതലുള്ള നഗോർണോ-കാരബാക് അസർബയ്ജാനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേരിലാണ് രണ്ടുരാജ്യവും യുദ്ധംചെയ്തത്. 2023-ൽ അസർബയ്ജാൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം കരസ്ഥമാക്കി. അർമീനിയയുമായുള്ള ബന്ധം സാധാരണനിലയിലാക്കാൻ ചർച്ചകളിലും ഏർപ്പെട്ടു. ആറുമാസത്തെ ഭരണത്തിനിടെ ട്രംപ് അദ്‌ഭുതം പ്രവർത്തിച്ചുവെന്ന് അസർബയ്ജാൻ പ്രിസിഡന്റ് അലിയേവ് പറഞ്ഞു.

Share Email
Top