ആഗോള ജനസംഖ്യാ തകർച്ചയെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങൾ ഉയർത്തിയതോടൊപ്പം വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയാണ് അന്തർദേശീയ സാമ്പത്തിക വിദഗ്ധരായ ഡീൻ സ്പിയേഴ്സും മൈക്കൽ ഗെറുസോയും ചേർന്ന് രചിച്ച ‘After the Spike: Population, Progress, and the Case for People’ എന്ന പുതിയ പുസ്തകം പ്രസിദ്ധീകരിച്ചത്.
പുസ്തകത്തിന് പിന്നിൽ ടെസ്‌ള സി.ഇ.ഒ ഇലോൺ മസ്‌കിന്റെ 10 മില്യൺ ഡോളറിന്റെ ധനസഹായം നൽകിയെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. ഇരുവരും നിലവിൽ ടെക്സസ് സർവകലാശാലയിലെ Population Wellbeing Initiative (PWI) യുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
പുസ്തകത്തിന്റെ ആദ്യ വരി തന്നെ ശ്രദ്ധയാകർഷിക്കുന്നതാണ്:
“മനുഷ്യകുലം ജനസംഖ്യാ തകർച്ചയുടെ പാതയിലാണ് .”
യാഥാർഥ്യങ്ങളെ ഉണർത്താനുള്ള കാഹളമാണെന്ന് രചയിതാക്കൾ ഇതിനെ വ്യക്തമാക്കുന്നു. ജനസംഖ്യ കുറയുന്നത് എങ്ങനെ ആഗോള പുരോഗതിയെയും മാനവിക ക്ഷേമത്തെയും ബാധിക്കും എന്നതാണ് പുസ്തകത്തിന്റെ ആമുഖ ചിന്ത.
അതേസമയം, ഫണ്ടിങ്ങിന് നന്ദി പറഞ്ഞ വ്യക്തികളുടെയോ സംഘടനകളുടെയോ അഭിപ്രായങ്ങൾ പുസ്തകത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ഗെറുസോ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഗവേഷണ ധനസഹായം നൽകിയവർക്കും പുസ്തകത്തിന്റെ ഉള്ളടക്കം മുൻകൂട്ടി പരിശോധിക്കാൻ അവസരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി ബന്ധപ്പെട്ട പഴയ അന്വേഷണങ്ങൾ വീണ്ടും ചർച്ചയാകുന്നു
ഗെറുസോയും സ്പിയേഴ്സും ഇന്ത്യയെ കുറിച്ചുള്ള അവരുടെ പഴയ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. 2014-ലെ ഒരു പഠനം ഹിന്ദുക്കളിൽ ശിശുമരണനിരക്ക് കൂടുതലാണ് എന്നതിന്റെ പ്രധാന കാരണം തുറന്ന സ്ഥലത്തെ മലമൂത്ര വിസർജനം ആണെന്നായിരുന്നു. മുസ്‌ലിം സമൂഹത്തിൽ ഈ പ്രവണത കുറവായതിനാൽ അവർക്ക് ശിശുമരണനിരക്ക് കുറവാണെന്നതാണ് ഗവേഷകരുടെ അവകാശവാദം.
NFHS (National Family Health Survey) ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു ഈ കണ്ടെത്തൽ. നിരവധി സാമ്പിളുകളും ഡാറ്റ സെറ്റുകളും ഉപയോഗിച്ചിട്ടാണ് പഠനം നടന്നത്. ഇതിനെത്തുടർന്ന് ഹിന്ദു സംഘടനകളിൽനിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടായിരുന്നുവെങ്കിലും, ഗവേഷകർ ആ കണക്കുകൾക്കൊപ്പം ഇന്നും നിലകൊള്ളുന്നുണ്ട്.
‘സ്വച്ഛ് ഭാരത് മിഷൻ’ തുടങ്ങിയ സർക്കാർ പദ്ധതികൾ അതിന് മാറ്റം കൊണ്ടുവന്നോ എന്ന ചോദ്യത്തിന് അവർ നൽകുന്ന മറുപടി, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും തുറന്ന സ്ഥലത്തെ മലമൂത്ര വിസർജനം തുടരുന്നുവെന്നാണ് അവരുടെ കണ്ടെത്തൽ.
പുസ്തകത്തിന്റെ ലക്ഷ്യം എന്ത്?
ജനസംഖ്യയുടെ ഇടിവ് മനുഷ്യരുടെ ക്ഷേമത്തെയും സുസ്ഥിരതയെയും എങ്ങനെ ബാധിക്കുന്നു എന്നത് വിശദമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥരചയിതാക്കളുടെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനവും, മഹാമാരികളും, വലിയ വിപത്തുകളും ഉണ്ടാകുന്ന സാഹചര്യത്തിൽ, പതിവിൽ നിന്നും വ്യത്യസ്തമായ സമാന്യബുദ്ധിയുള്ള ജനവിഭാഗങ്ങൾ ഇല്ലാതാവുന്നതിന് സാധ്യത ഉയരുന്നു എന്ന് പുസ്തകം മുന്നറിയിപ്പ് നൽകുന്നു.
പകർച്ചവ്യാധികൾക്കുള്ള വാക്‌സിൻ വികസനവും കാർബൺ കുറയ്ക്കുന്നതുമായ പദ്ധതികൾ വിജയകരമാക്കാൻ പോലും ആവശ്യമായ മനുഷ്യ വിഭവശേഷി കുറയാൻ ഇടയുണ്ടെന്ന് അവർ മുന്നറിയിക്കുന്നു.
ധനസഹായകരുടെ പട്ടികയിൽ ഉള്ളവർ
പുസ്തകത്തിന്റെ പശ്ചാത്തല ഗവേഷണങ്ങൾക്ക് ധനസഹായം നൽകിയവർക്ക് മസ്‌ക് ഫൗണ്ടേഷൻ, ബിൽ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെൽത്ത്, സ്മിത്ത് റിച്ചാർഡ്‌സൺ ഫൗണ്ടേഷൻ തുടങ്ങി വലിയ പേരുകളുണ്ട്. എന്നാൽ, ഇവരുടെയോ അവരുടെ പ്രതിനിധികളുടെയോ വീക്ഷണം പുസ്തകത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്നില്ലെന്ന് ഗെറുസോ ഉറപ്പു നൽകുന്നു.
Book Funded by Musk Sparks Fresh Debate on Population Crisis