വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യാൻ കംബോഡിയ തീരുമാനിച്ചു. കംബോഡിയൻ ഉപപ്രധാനമന്ത്രി സുൻ ചന്തോൾ വെള്ളിയാഴ്ച ഈ വിവരം സ്ഥിരീകരിച്ചു. അടുത്തിടെ തായ്‌ലൻഡുമായി നടന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിൽ ട്രംപിൻ്റെ നേരിട്ടുള്ള ഇടപെടൽ നിർണായകമായിരുന്നു. ഇതിനുള്ള അംഗീകാരമായാണ് ഈ നീക്കം.
തായ്‌ലൻഡുമായി മാസങ്ങളായി നിലനിന്നിരുന്ന സംഘർഷം ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധങ്ങളെ ബാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് തയ്യാറായത്. ഈ ഇടപെടൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതായി സുൻ ചന്തോൾ പറഞ്ഞു. അതേസമയം, പാകിസ്ഥാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളും ട്രംപിനെ നൊബേൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.