ഡബ്ലിന്‍: ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നേരെ അയര്‍ലാന്‍ഡില്‍ ആക്രമണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി ഇന്ത്യന്‍ എംബസി.
ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും ഡബ്ലിനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ആക്രമണങ്ങളാണ് അയര്‍ലാന്‍ഡില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ നേരിടേണ്ടി വന്നത്.
ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസി അയര്‍ലന്‍ഡിലെ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍ കരുതലുകള്‍ എടുക്കണമെന്നും എംബസി മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ സീനിയര്‍ ഡേറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ കൗമാരക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വന്തം അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവെച്ച് കൗമാരക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് യാദവ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ വംശജനു നേരെയുണ്ടായ ആക്രണം വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനിലുടനീളം ഇന്ത്യക്കാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും എന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണെന്നും സന്തോഷ യാദവ് വ്യക്തമാക്കി.
Cautionary advice to Indian citizens in Ireland: Avoid traveling through deserted areas