ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി മത്സരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുഖ്യാതിഥി

ചിക്കാഗോ സോഷ്യൽ ക്ലബ് വടംവലി മത്സരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുഖ്യാതിഥി

ജോസ് കണിയാലി

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും. 2024 നവംബർ 20-ന് നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കേരള നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിൽ കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ കെ.എസ്.യു.വിൽ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറി, കെ.പി.സി.സി. അംഗം, കെ.എസ്.യു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അടൂർ തപോവൻ സ്കൂൾ, പന്തളം സെന്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽനിന്ന് ബിരുദവും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. നിലവിൽ കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ്.

ഈ വർഷത്തെ വടംവലി മത്സരം ഓഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. തുടർന്ന് രാത്രി 10 മണി വരെ ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ എന്ന പേരിൽ വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമുണ്ടാകും. വൈകുന്നേരം 7 മുതൽ 10 വരെ അഫ്സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറും. ഈ വർഷം പുതിയ വേദിയായ മോർട്ടൻ ഗ്രോവ് പാർക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യങ്ങളുള്ള ഈ വേദി കാണികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള 20-ൽപരം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് ക്ലബിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, വൈസ് ചെയർമാൻ മാനി കരികുളം, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ, പി.ആർ.ഒ. മാത്യു തട്ടാമറ്റം, ഇന്ത്യ ഫുഡ് ഫെസ്റ്റ് ചെയർമാൻ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

പുതിയ വേദി:

മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയം 6834 ഡെംപ്‌സ്റ്റർ സ്ട്രീറ്റ് മോർട്ടൺ ഗ്രോവ്, ഇല്ലിനോയിസ് 60053.

കൂടുതൽ വിവരങ്ങൾക്ക്:

  • റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്): (630) 935-9655
  • സിറിയക് കൂവക്കാട്ടിൽ (ടൂർണമെന്റ് ചെയർമാൻ): (630) 673-3382

Chicago Social Club Tug of War Competition: Rahul Mankootathil MLA as Chief Guest

Share Email
LATEST
More Articles
Top