ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് കിക്കോഫ്

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് കിക്കോഫ്

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫ് മോർട്ടൺ ഗ്രോവ് മേയർ ജനിൻ വിത്ക നിർവഹിച്ചു. ഇതോടെ മത്സരത്തിന് ഔദ്യോഗികമായി തുടക്കമായി. ചിക്കാഗോയിലെ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ അധ്യക്ഷനായിരുന്നു.

ഉദ്ഘാടന പ്രസംഗത്തിൽ മേയർ ജനിൻ വിത്ക, സമൂഹത്തിന്റെ നന്മയെക്കുറിച്ചും ഇത്തരം നല്ല പരിപാടികളെ നഗരം സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. പരിപാടിക്ക് എല്ലാവിധ പിന്തുണയും നഗരസഭ വാഗ്ദാനം ചെയ്യുന്നതായും ചിട്ടയോടെയും ഭംഗിയോടെയും നടക്കാൻ ആശംസിക്കുകയും ചെയ്തു.

വടംവലിയുടെ ലോകകപ്പ് എന്നറിയപ്പെടുന്ന ചിക്കാഗോ ഇന്റർനാഷണൽ വടംവലി മത്സരത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, ചിക്കാഗോ മലയാളി സമൂഹത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ പറഞ്ഞു. ചിക്കാഗോയിലെ വിവിധ ക്ലബ്ബുകളുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ കിക്കോഫ് ചടങ്ങിൽ പങ്കെടുത്തു.

2025 ഓഗസ്റ്റ് 31-ന് മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഏറ്റവും മികച്ചതായിരിക്കുമെന്നും വലിയ സർപ്രൈസുകൾ ഉണ്ടാകുമെന്നും വടംവലി മത്സരത്തിന്റെ സംഘാടകസമിതി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടംവലിക്ക് പുറമേ ഫുഡ് ഫെസ്റ്റിവൽ, കലാസന്ധ്യ എന്നിവയും ഉണ്ടാകുമെന്ന് ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ ജോസ് മണക്കാട്ട് വ്യക്തമാക്കി.

മത്സരത്തിന്റെ എല്ലാ കമ്മിറ്റികളും സജീവമായി മുന്നോട്ട് പോകുന്നുണ്ടെന്ന് സംഘാടകസമിതി ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് പറഞ്ഞു. സാമ്പത്തിക സഹായം നൽകിയ എല്ലാ സ്പോൺസർമാർക്കും ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടി നന്ദി അറിയിച്ചു. മത്സരത്തെക്കുറിച്ച് ലോകം മുഴുവൻ അറിയിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ സജ്ജമാണെന്ന് പബ്ലിസിറ്റി ചെയർമാൻ മാത്യു തട്ടാമറ്റം പറഞ്ഞു.

ചിക്കാഗോ സോഷ്യൽ ക്ലബ്ബ് എക്സിക്യൂട്ടീവ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ജോയിന്റ് സെക്രട്ടറി തോമസ് പുത്ത്, ട്രഷറർ ബിജോയി കാപ്പൻ, വടംവലി സംഘാടകസമിതി ഭാരവാഹികളായ സിറിയക് കൂവക്കാട്ടിൽ (ചെയർമാൻ), സ്റ്റീഫൻ കിഴക്കേക്കുറ്റ് (ജനറൽ കൺവീനർ), ബിനു കൈതക്കത്തൊട്ടിയിൽ (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി), ജോസ് മണക്കാട്ട് (ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ) എന്നിവർ കിക്കോഫ് പരിപാടിക്ക് നേതൃത്വം നൽകി. എലൈറ്റ് ഗെയിമിംഗ് ടോണി കിഴക്കേക്കുറ്റ്, ചിക്കാഗോയിലെ മാധ്യമപ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഒന്നാം സമ്മാനം ജോയ് നെടിയകാലായിൽ സ്പോൺസർ ചെയ്യുന്ന 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനമായ 5,555 ഡോളറും ജോയ് മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോൺസർ ചെയ്യുന്നത്. മൂന്നാം സമ്മാനമായ 3,333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും എലൈറ്റ് ഗെയിമിംഗ് ടോണി ഫ്രാൻസിസ് കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്യും. നാലാം സമ്മാനമായ 1,111 ഡോളർ മംഗല്യ ജ്വല്ലറിയാണ് സ്പോൺസർ ചെയ്യുന്നത്.

പരിപാടിയുടെ എം.സി. ആയി പ്രവർത്തിച്ചത് ജോസ് മണക്കാട്ടാണ്. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Chicago Social Club’s 11th International Tug of War Competition Kicks Off

Share Email
LATEST
Top