ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ചൈന. ചന്ദ്രനാണ് ചൈനയുടെ അടുത്ത ലക്ഷ്യം. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ലൂണാര്‍ ലാന്റര്‍ ലാന്യൂ (Lanyue) വിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൈന മാന്‍ഡ് സ്‌പേസ് ഏജന്‍സിയുടെ (സിഎംഎസ്എ) നേതൃത്വത്തില്‍ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് പേടകത്തിന്റെ ലാന്‍ഡിങ്, ടേക്ക് ഓഫ് പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്.
ചൈനയുടെ ബഹിരാകാശ യാത്രാദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണ് സിഎംഎസ്എ. നിയന്ത്രണ സംവിധാനങ്ങള്‍, താഴേക്കിറങ്ങുകയും ഉയരാനുമുള്ള കഴിവ്, എഞ്ചിന്‍ ഷട്ട്ഡൗണ്‍ ചെയ്യുന്ന പ്രക്രിയ എന്നിവയുള്‍പ്പടെ പേടകത്തിന്റെ സാങ്കേതിക സംവിധാനങ്ങളെല്ലാം പിഴവുകളില്ലാതെ പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചതായി ഏജന്‍സി അറിയിച്ചു. പ്രൊപ്പല്‍ഷന്‍, ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തി.
ലാന്യൂ പേടകത്തിന് ലൂണാര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. രണ്ട് സഞ്ചാരികള്‍ക്കാണ് യാത്ര ചെയ്യാനാവുക. ഒപ്പം ലൂണാര്‍ റോവര്‍, മറ്റ് ഗവേഷണ ഉപകരണങ്ങള്‍ എന്നിവയെല്ലാം പേടകത്തിന് ചന്ദ്രോപരിതലത്തിലെത്തിക്കാന്‍ ശേഷിയുണ്ട്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങള്‍ക്ക് പേടകം ഉപയോഗപ്പെടുത്താനാവും.
ഒരേസമയം സഞ്ചരിക്കാനുള്ള വാഹനം എന്ന നിലയിലും ബഹിരാകാശ ഗവേഷകര്‍ക്ക് തങ്ങാനുള്ള ഹാബിറ്റബിള്‍ ആക്ടിവിറ്റി സെന്റര്‍ എന്ന നിലയിലും ഈ പേടകം ഉപയോഗപ്പെടുത്താനാവും.
നിലവില്‍ സ്വന്തമായി ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച ഏക രാജ്യവും ചൈന തന്നെ. ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള യുഎസിന്റെ പദ്ധതികള്‍ ഇനിയും എവിടെയും എത്തിയിട്ടില്ല. ഇതിനായുള്ള ലാന്‍ഡറും തയ്യാറായിട്ടില്ല. ചാന്ദ്ര വിക്ഷേപണങ്ങള്‍ക്കായി തിരഞ്ഞെടുത്ത സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയായാലേ ആര്‍ട്ടെമിസ് ദൗത്യം ഇനി മുന്നോട്ട് പോവുകയുള്ളൂ.
China completes test of Lunar Lander Lanyu to send humans to the moon