ബെയ്ജിങ്: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മൂന്നുദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയും ചൈനയുമായി ഏറെക്കാലമായി നിലനിൽക്കുന്ന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട 24-ാം ഘട്ട ചർച്ചകളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സന്ദർശനമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) കേന്ദ്ര കമ്മിറ്റിയിലെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും അതിർത്തി വിഷയത്തിൽ ചൈനയുടെ പ്രത്യേക പ്രതിനിധിയുമാണ് വാങ് യീ. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് വാങിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം ചർച്ച നടത്തും.
‘ഓഗസ്റ്റ് 18 മുതൽ 20 വരെ സിപിസി കേന്ദ്ര കമ്മിറ്റിയിലെ പൊളിറ്റിക്കൽ ബ്യൂറോ അംഗം, വിദേശകാര്യ മന്ത്രി, ചൈന-ഇന്ത്യ അതിർത്തി വിഷയത്തിൽ ചൈനയുടെ പ്രത്യേക പ്രതിനിധി എന്നീ നിലകളിലുള്ള വാങ് യീ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുടെ ക്ഷണപ്രകാരം ചൈനയുടെയും ഇന്ത്യയുടെയും പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള അതിർത്തി വിഷയത്തിൽ 24-ാം ഘട്ട ചർച്ചകൾ നടത്തും,’ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് 2020-ൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ സൈനിക സംഘർഷമുണ്ടായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായിരുന്നു. കഴിഞ്ഞ വർഷം, ലഡാക്കിലെ സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഭാഗികമായ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യം ചൈന കൈലാസ്-മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇതിന് മറുപടിയായി, ചൈനീസ് വിനോദസഞ്ചാരികൾക്ക് ഇന്ത്യ വിസ നൽകാനും തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലെ ഒരു സുപ്രധാന മുന്നേറ്റമായാണ് വാങിന്റെ സന്ദർശനത്തെ ലോകം കാണുന്നത്. ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ മഞ്ഞുരുക്കത്തിന് കാരണമാകുമെന്നും കൂടുതൽ വിപുലമായ സഹകരണത്തിന് അടിത്തറ പാകാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Chinese Foreign Minister Wang Yi will arrive in India on Monday for a three-day visit.