ധർമ്മസ്ഥല കൊലപാതക വെളിപ്പെടുത്തലും മകളെ കാണാതായെന്ന പരാതിയും; ഇരുവരുടെയും ആരോപണം പൊളിഞ്ഞു

ധർമ്മസ്ഥല കൊലപാതക വെളിപ്പെടുത്തലും മകളെ കാണാതായെന്ന പരാതിയും; ഇരുവരുടെയും ആരോപണം പൊളിഞ്ഞു

മംഗളൂരു : മുഖം മൂടി ധരിപ്പിച്ച് പൊലീസിന്റെ തെളിവെടുപ്പിന് എത്തിയ മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളിയും, 80 കാരിയായ സ്ത്രീയും-ദിവസങ്ങളോളം കർണാടകയെ നടുക്കിയ വിവാദ ആരോപണങ്ങൾ ഒടുവിൽ പൊളിഞ്ഞു.

ധർമ്മസ്ഥല ക്ഷേത്രത്തിൽ കൊലപാതക പരമ്പര നടന്നുവെന്നും നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നും ആരോപിച്ചത് സി.എൻ. ചിന്നയ്യ. മകളെ കാണാനില്ലെന്ന് രംഗത്തെത്തിയത് സുജാത ഭട്ട്. എന്നാൽ, പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ നീണ്ട അന്വേഷണത്തിൽ ഇരുവരുടെയും ആരോപണങ്ങൾക്കും യാഥാർത്ഥ്യമില്ലെന്ന് വ്യക്തമായി.

ചിന്നയ്യയുടെ ആരോപണം

2008–14 കാലയളവിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തൽ. തെളിവായി പൊലീസിനു മുമ്പിൽ തലയോട്ടിയും അസ്ഥിഭാഗങ്ങളും ഹാജരാക്കി. എന്നാൽ ഫൊറൻസിക് പരിശോധനയിൽ അത് പുരുഷന്റെ തലയോട്ടിയാണെന്നും, ചിന്നയ്യ പറഞ്ഞ കഥയുമായി പൊരുത്തപ്പെടുന്നില്ലെന്നും വ്യക്തമായി. ചോദ്യം ചെയ്യലിൽ, പ്രശസ്തിക്കായി ആരോപണം ഉന്നയിച്ചതാണെന്ന്, തലയോട്ടി പുറത്തുനിന്ന് ശേഖരിച്ചതാണെന്നും ഇയാൾ സമ്മതിച്ചു. ഭാര്യയും മാനസികപ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇതോടെ ഇയാളെ അറസ്റ്റുചെയ്തു.

സുജാത ഭട്ടിന്റെ ‘കാണാതായ മകൾ’

2003-ൽ മകൾ അനന്യ ഭട്ടിനെ ധർമ്മസ്ഥലയിൽ കാണാതായെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി രംഗത്തെത്തിയിരുന്നു സുജാത ഭട്ട്. പിന്നീട് അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാനായപ്പോൾ, അങ്ങനെ ഒരു മകൾ തനിക്കില്ലെന്നും , ചിലരുടെ സമ്മർദത്തിന് വഴങ്ങി തെറ്റായ പരാതി കൊടുത്തതാണെന്നും സമ്മതിച്ചു. മാധ്യമങ്ങളോടും യൂ ട്യൂബ് ചാനലിലൂടെയും അവർ ക്ഷമാപണം നടത്തി.

അന്വേഷണം

ജൂലൈ 3-ന് കോടതിയുടെ നിർദേശപ്രകാരം കേസ് അന്വേഷിക്കാൻ തുടങ്ങി. ജൂലൈ 19-ന് കേസ് എസ്ഐടിയ്ക്ക് കൈമാറി. 17 സ്ഥലങ്ങളിൽ കുഴിച്ചു പരിശോധിച്ചപ്പോൾ രണ്ട് ഇടങ്ങളിൽ നിന്ന് മാത്രമാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ഇവയുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് അന്വേഷണത്തിന് നിർണായകമായേക്കും.

രാഷ്ട്രീയ, നിയമ നടപടി

സുജാത ഭട്ടിന്റെ വെളിപ്പെടുത്തലിനു പിന്നാലെ, വീട്ടിന് സുരക്ഷ ശക്തമാക്കാനും, കേസ് ഊർജിതമായി അന്വേഷിക്കാനുമുള്ള നിർദേശം ആഭ്യന്തര മന്ത്രി നൽകി.

Dharmasthala Murder Revelation and Missing Daughter Claim; Both Allegations Proven False

Share Email
Top