വാഷിംഗ്ടൺ: വീണ്ടും ഭീഷണിയുമായി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ 25 ശതമാനം നികുതി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഇന്ത്യ അവഗണിക്കുകയും റഷ്യയിൽ നിന്ന് വലിയ അളവിൽ എണ്ണ വാങ്ങി തുറന്ന വിപണിയിൽ മറിച്ചു വിറ്റ് ലാഭം നേടുകയാണെന്നും ട്രംപ് ആരോപിച്ചു. യുദ്ധത്തിലെ മരണങ്ങളോടുള്ള ഇന്ത്യയുടെ നിസ്സംഗതയാണ് താരിഫ് വർദ്ധിപ്പിക്കാനുള്ള ഒരു കാരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഭീഷണി. ട്രംപിന്റെ പ്രസ്താവനയില് ഇന്ത്യാ പ്രതികരിച്ചു. പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും അറിയിച്ചു. നീതിയുക്തവും സന്തുലിതവുമായ വ്യാപാര കരാറുകളോടുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിക്കുകയും ഇന്ത്യയിലെ കർഷകരുടെയും സംരംഭകരുടെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിന് മുൻഗണന നൽകുമെന്നും വ്യക്തമാക്കി. വ്യാപാര കരാറുകളിൽ ദേശീയ താൽപ്പര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.