വാഷിംഗ്ടൺ: രാജ്യത്ത് കുതിച്ചുയരുന്ന മരുന്ന് വില കുറയ്ക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 17 പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി സിഇഒമാർക്ക് നേരിട്ട് കത്തയച്ചു. ഈ കത്തുകളിൽ, മരുന്ന് വില കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നോവാർട്ടിസ് സി.ഇ.ഒയും എം.ഡിയുമായ ഇന്ത്യൻ വംശജൻ വസന്ത് നരസിംഹൻ ഉൾപ്പെടെയുള്ളവർക്കാണ് കത്തുകൾ ലഭിച്ചത്.
വ്യാഴാഴ്ച വൈറ്റ് ഹൗസ് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഒപ്പിട്ട കത്തുകൾ പുറത്തുവിട്ടു. 2025 സെപ്റ്റംബർ 29-ന് മുമ്പ്, യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും ഈടാക്കുന്ന അതേ വില അമേരിക്കൻ പൗരന്മാർക്കും ലഭ്യമാക്കാനുള്ള ഉറപ്പ് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അമേരിക്കൻ മരുന്ന് കമ്പനികളുടെ “അന്യായമായ വിലനിർണ്ണയ രീതികൾക്കെതിരെയുള്ള” ഭരണകൂടത്തിന്റെ കടുത്ത നിലപാടാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
ഡോ. നരസിംഹനും മറ്റ് സി.ഇ.ഒമാർക്കും അയച്ച കത്തുകളിൽ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്:
- മെഡികെയർ പദ്ധതിയിലും ആഗോള വിലനിലവാരം നടപ്പാക്കുക.
- പുതിയ മരുന്നുകൾക്ക് ന്യായമായ വില ഈടാക്കുക.
- വിദേശത്തുനിന്നുള്ള ലാഭം അമേരിക്കൻ രോഗികൾക്കായി ഉപയോഗിക്കുക.
- അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് മരുന്ന് വാങ്ങാൻ അവസരമൊരുക്കുക.
ഓരോ കമ്പനിക്കും അയച്ച കത്തിൽ ചില മാറ്റങ്ങളുണ്ടെങ്കിലും, “അമേരിക്കൻ കണ്ടുപിടിത്തങ്ങളുടെ പേരിൽ ആഗോള തലത്തിൽ കൊള്ളയടിക്കുന്ന കാലം കഴിഞ്ഞു” എന്ന ശക്തമായ സന്ദേശമാണ് എല്ലാ കത്തുകളിലും ട്രംപ് നൽകിയിട്ടുള്ളത്.