ഇന്ത്യയെ ചൈനയെപ്പോലെ ഒരു ശത്രുവായി കാണരുത്: ട്രംപിനോട് നിക്കി ഹേലി

ഇന്ത്യയെ ചൈനയെപ്പോലെ ഒരു ശത്രുവായി കാണരുത്: ട്രംപിനോട് നിക്കി ഹേലി

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ശിക്ഷാപരമായ താരിഫുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറായ നിക്കി ഹേലി. ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള ബന്ധം പഴയപടിയാക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു. അതിനുപിന്നാലെയാണ് ഹേലിയുടെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

‘ഇന്ത്യയെ ചൈനയെപ്പോലെ ഒരു ശത്രുവായി കാണരുത്. താരിഫുകളുടെ വിഷയമോ, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിലെ യുഎസ് പങ്കോ, ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാനുള്ള കാരണമാകരുത്. ട്രംപ് ഭരണകൂടം അതിന് അനുവദിക്കരുത്,’ ബുധനാഴ്ച ന്യൂസ് വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഹേലി വ്യക്തമാക്കി.

2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകയായി തുടരുന്ന വ്യക്തയാണ് ഹേലി. ട്രംപിന്റെ ആദ്യ ഭരണകാലത്ത്, 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ഐക്യരാഷ്ട്രസഭയിലെ 29-ാമത് യുഎസ് അംബാസഡറായിരുന്നു നിമ്രത നിക്കി രണ്‍ധാവ ഹേലി. ഒരു പ്രസിഡന്‍ഷ്യല്‍ കാബിനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരി ആയിരുന്നു അവര്‍.

ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിരവധി സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഇതിനകം ചുമത്തിയ 25% തീരുവയ്ക്ക് പുറമെ, റഷ്യന്‍ എണ്ണ വാങ്ങിയതിന് 25% അധികതാരിഫും ട്രംപ് ഭരണകൂടം ചുമത്തിയിരുന്നു. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ യുഎസ് പങ്ക് അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതുള്‍പ്പെടെ, വര്‍ധിച്ചുവന്നിരുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് താരിഫ് യുദ്ധവുംകൂടി വന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും, ചൈനയുടെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ സംഭവമാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും ഹേലി പറഞ്ഞു. ആഗോളക്രമം മാറ്റിയെഴുതാനുള്ള ചൈനയുടെ ലക്ഷ്യത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘തുണിത്തരങ്ങള്‍, വിലകുറഞ്ഞ ഫോണുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ പോലെ, വേഗത്തിലോ കാര്യക്ഷമമായോ യുഎസില്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങള്‍, ചൈനയുടെ അതേ അളവില്‍ നിര്‍മിക്കാനുള്ള കഴിവില്‍ ഇന്ത്യ വേറിട്ടുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, ഇത്തരം സാധനങ്ങളുടെ ഉത്പ്പാദനം ചൈനയില്‍നിന്ന് സ്വീകരിക്കുന്നത് നിര്‍ത്തി യുഎസിലേക്ക് തിരികെ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുമ്പോള്‍, അതില്‍ ഇന്ത്യയെ പങ്കാളിയാക്കുന്നതാണ് നല്ലത്,’ ഹേലി അഭിപ്രായപ്പെട്ടു.

പ്രതിരോധ മേഖലയില്‍, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള യുഎസിന്റെ സഖ്യകക്ഷികളുമായി ഇന്ത്യക്കുള്ള വികസിച്ചുവരുന്ന സൈനിക ബന്ധത്തെക്കുറിച്ചും ഹേലി വ്യക്തമായ അഭിപ്രായം മുന്നോട്ടുവെച്ചു. ഇന്ത്യയെ, യുഎസ് പ്രതിരോധ ഉപകരണങ്ങള്‍ക്കുള്ള ഒരു നിര്‍ണായക വിപണിയാക്കുക മാത്രമല്ല, ഈ കൂട്ടുകെട്ട് സ്വതന്ത്ര ലോകത്തിന്റെ സുരക്ഷയ്ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നും അവര്‍ പറഞ്ഞു.

‘ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്ത്യയുടെ പ്രാധാന്യം ഇതിലും വലുതാണ്. മനുഷ്യരാശിയുടെ ആറിലൊന്നില്‍ കൂടുതല്‍ ജനങ്ങളുള്ള ഇന്ത്യ, 2023-ല്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ചൈനയിലെ പ്രായമാകുന്ന തൊഴിലാളികളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യക്ക് യുവ തൊഴില്‍ ശക്തിയുണ്ട്,’ അവര്‍ പറഞ്ഞു.

‘ലളിതമായി പറഞ്ഞാല്‍, ഇന്ത്യയുടെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച് ചൈനയുടെ അഭിലാഷങ്ങള്‍ ചുരുങ്ങിവരും. എന്നിരുന്നാലും, കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിത ചൈനയില്‍ നിന്ന് വ്യത്യസ്തമായി, ജനാധിപത്യപരമായ ഇന്ത്യയുടെ ഉദയം സ്വതന്ത്ര ലോകത്തിന് ഭീഷണിയല്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക രാജ്യമായ ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ മുന്നേറ്റം തകര്‍ക്കുന്നത് ഒരു തന്ത്രപരമായ ദുരന്തമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Don’t see India as an enemy like China: Nikki Haley to Trump

Share Email
LATEST
More Articles
Top