ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വലിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഉമ്മു റമൂലിലെയും അൽ ബർഷയിലെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വീണ്ടും പ്രവർത്തനം തുടങ്ങി. വ്യക്‌തിഗത സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ച ഹൈബ്രിഡ് സെന്ററുകളായാണ് ഇവ തുറന്നിരിക്കുന്നത്.
യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് സ്‌ട്രാറ്റജിയും ദുബൈ സർക്കാരിന്റെ ‘സർവീസസ് 360’ കാഴ്ചപ്പാടും അടിസ്ഥാനമാക്കി ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നവീകരണം നടപ്പിലാക്കിയത്.
പുതുക്കിയ കേന്ദ്രങ്ങളിൽ 97 സേവനങ്ങൾ ലഭ്യമാണ്. മുമ്പ് 72 സേവനങ്ങളേ ഉണ്ടായിരുന്നുള്ളു. ഉപഭോക്താക്കൾക്ക് നിർമ്മിതബുദ്ധിയുള്‍പ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പൂർണമായും ഓട്ടോമേറ്റഡ് സേവനങ്ങൾ ലഭിക്കും. ഇതിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാനും സർവീസ് അഡ്വൈസർമാരുടെ വ്യക്തിഗത സഹായം ലഭിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
RTA ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ അറിയിച്ചു: “ഡിജിറ്റൽ സംവിധാനങ്ങളുടെ സമഗ്ര വിന്യാസം ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തും. ദുബൈയെ ലോകത്തിലെ മികച്ച സ്മാർട്ട് സിറ്റികളിലൊന്നായി ഉയർത്തുന്നതിൽ ഈ സെന്ററുകൾക്ക് വലിയ പങ്കുണ്ടാകും.”
കഴിഞ്ഞ വർഷം 84,000 ഇടപാടുകൾ നടന്ന ഈ കേന്ദ്രങ്ങളിൽ, സേവനങ്ങൾ വർധിച്ചതോടെ ഇടപാടുകളുടെ എണ്ണം ലക്ഷത്തിലധികം കടക്കും എന്നാണ് വിലയിരുത്തുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉമ്മു റമൂൽ സെന്റർ മാസത്തിൽ 13,500-ത്തിലധികം ഉപഭോക്താക്കൾക്ക് സാധാരണ പ്രവൃത്തി സമയത്തിനു പുറത്തും സേവനം നൽകുന്നു.
അടുത്ത വർഷത്തോടെ ദെയ്റ കസ്റ്റമർ ഹാപ്പിനസ് സെന്ററും ഹൈബ്രിഡ് മോഡലിലേക്ക് മാറുമെന്ന് RTA വ്യക്തമാക്കി.
Dubai RTA: Umm Ramool and Al Barsha Customer Happiness Centres Reopen After Renovation













