വാഷിംഗ്ടൺ: യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ജെയിംസ് ബോസ്‌ബെർഗിന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. ഇമിഗ്രേഷൻ കേസിൽ ജഡ്ജി ബോസ്‌ബെർഗ് പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ച ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾക്ക് സാധ്യമായ കാരണങ്ങളുണ്ട് എന്ന് ഏപ്രിലിൽ ബോസ്‌ബെർഗ് വിധി പുറപ്പെടുവിച്ചിരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച ജഡ്ജിയാണ് ബോസ്‌ബെർഗ്. വെനസ്വേലൻ സംഘാംഗങ്ങളെ നാടുകടത്താൻ ‘ഏലിയൻ എനിമിസ് ആക്ട്’ ഉപയോഗിക്കുന്നത് മാർച്ച് പകുതിയോടെ തടഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ബോസ്‌ബെർഗിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്ന സമയത്ത് അപ്പീൽ കോടതി അദ്ദേഹത്തിന്റെ നടപടികൾക്ക് താൽക്കാലികമായി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്ന ജഡ്ജി ബോസ്‌ബെർഗിന് വെള്ളിയാഴ്ചത്തെ വിധി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.