ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഫൊക്കാനയുടെ ‘കാരുണ്യശ്രേഷ്ഠ പുരസ്കാരം’ യുക്മ പ്രസിഡന്റായ അഡ്വ. എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു. ഫൊക്കാന കേരളാ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ വെച്ചാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരം സമ്മാനിച്ചത്.

യുകെയിലെ മലയാളി അസോസിയേഷനുകളുടെ സംഘടനയാണ് യുക്മ. 130-ൽ അധികം അംഗസംഘടനകളുള്ള യുക്മയുടെ പ്രസിഡന്റാണ് അഡ്വ. എബി സെബാസ്റ്റ്യൻ. ‘യുക്മയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. യുക്മയുടെ പ്രശസ്തിയും പ്രസക്തിയും ഉയർത്തിയ ‘കേരളാ പൂരം’ എന്ന പേരിൽ എല്ലാ വർഷവും നടത്തിവരുന്ന വള്ളംകളിക്കും അതുമായി ബന്ധപ്പെട്ട കലാ-സാംസ്കാരിക പരിപാടികൾക്കും തുടക്കം മുതൽ തുടർച്ചയായി ആറ് തവണ ജനറൽ കൺവീനർ സ്ഥാനത്ത് എബി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിലൂടെ ‘കേരളാ പൂരം’ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമമായി വളർന്നു.

യുക്മയുടെ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും എബി ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞ 15 ദേശീയ കലാമേളകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഒരു ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്നു. യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും, ഒ.ഐ.സി.സി. യു.കെ. ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയാണ്. എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റിലെ ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി, ലണ്ടനിൽ ലീഗൽ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ ഭാര്യ റിനറ്റ് സിവിൽ എഞ്ചിനീയറും സീനിയർ പ്ലാനിങ് മാനേജരുമാണ്.

യു.കെയിലെ മലയാളി സംഘടനകൾക്ക് എക്കാലവും എബി നൽകിയ പിന്തുണയും, ലോക പ്രവാസി മലയാളി സമൂഹത്തിനാകെ അഭിമാനകരമായ യുക്മയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളും പരിഗണിച്ചാണ് ‘കാരുണ്യശ്രേഷ്ഠ പുരസ്കാരത്തിന്’ അർഹനാക്കിയതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

FOKANA ‘Karunya Sreshta Puraskaram’ Awarded to President Adv. Aby Sebastian

Share Email
Top