ഫൊക്കാനയുടെ ശക്തമായ തിരിച്ചുവരവ്; കുമരകം കൺവെൻഷൻ ചരിത്രമായി

ഫൊക്കാനയുടെ ശക്തമായ തിരിച്ചുവരവ്; കുമരകം കൺവെൻഷൻ ചരിത്രമായി

ന്യൂയോർക്ക്‌: അമേരിക്കൻ മലയാളികളുടെ ആദ്യ ഫെഡറേഷനായ ഫൊക്കാന, പിളർപ്പിന് ശേഷം താൽക്കാലികമായി മന്ദീഭവിച്ച പ്രവർത്തനങ്ങളിൽനിന്ന് ശക്തമായൊരു തിരിച്ചുവരവ് നടത്തിയെന്ന് അടിവരയിടുന്നതായിരുന്നു കുമരകത്തെ ഗോകുലം ഗ്രാൻഡ് ഫൈവ് സ്റ്റാർ റിസോർട്ടിലെ ‘ഡോ. അനിരുദ്ധൻ നഗറി’ൽ അരങ്ങേറിയ കേരള കൺവെൻഷൻ-2025.

വലിയ അവകാശവാദങ്ങളോ കൊട്ടിഘോഷിക്കലുകളോ ഇല്ലാതെ കൺവെൻഷന് തിരശ്ശീല വീണപ്പോൾ സ്വാഭാവികമായും ഉയർന്ന ചോദ്യങ്ങൾ, ഈ കൺവെൻഷൻ കൊണ്ട് ആർക്ക് എന്ത് പ്രയോജനം ലഭിച്ചു, ഫൊക്കാനയ്ക്ക് എന്തു ഗുണമുണ്ടായി എന്നൊക്കെയായിരിക്കും. ഈ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുകയാണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണി. “എൻ്റെ അഭിപ്രായത്തെക്കാൾ പ്രസക്തം കൺവെൻഷനിൽ പങ്കെടുത്തവരുടെ അനുഭവമാണ്. 42 വർഷത്തെ ഫൊക്കാന കൺവെൻഷനുകളിൽവെച്ച് ഏറ്റവും മികച്ചതായിരുന്നു കുമരകത്തേതെന്ന് ഫൊക്കാന മുൻ പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു. സാജ് എർത്ത് ഗ്രൂപ്പ് മേധാവി സാജൻ വർഗീസ് കണ്ടതിൽവെച്ച് ഏറ്റവും ചിട്ടയായ കൺവെൻഷനായാണ് ഇതിനെ വിലയിരുത്തുന്നത്. ഇത്തരത്തിൽ നിരവധി പേരുടെ അഭിപ്രായങ്ങൾ ചേർത്തു വെച്ചാൽ ഇത് ചരിത്രം സൃഷ്ടിച്ചൊരു കൺവെൻഷനാണ്,” സജിമോൻ ആന്റണി വ്യക്തമാക്കി.

മൂന്നു ദിവസത്തെ കൺവെൻഷൻ

പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള കൺവെൻഷൻ മൂന്നു ദിവസങ്ങളിലായി നടക്കുന്നത്. വെറും സമ്മേളനങ്ങളും സെമിനാറുകളും പ്രസംഗങ്ങളും മാത്രമായിരുന്നില്ല, മറിച്ച് സമൂഹത്തിന് ഗുണകരമായ പല പ്രോജക്റ്റുകളുടെയും സമാപനവും ഇവിടെ നടന്നു.

കേരളത്തിൽ പ്രതിവർഷം ഏകദേശം 1500 പേർ മുങ്ങിമരിക്കുന്ന സാഹചര്യത്തിൽ, മൈൽസ്റ്റോൺ സ്വിമ്മിങ് പ്രൊമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് ഫൊക്കാന നടത്തിയ ‘സ്വിം കേരള സ്വിം’ പദ്ധതിയുടെ മൂന്നാം ഘട്ട സമാപനം കൺവെൻഷനോടനുബന്ധിച്ച് നടന്നു. വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയ 148 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഈ ചടങ്ങിൽ കുട്ടികളും രക്ഷിതാക്കളും പരിശീലകരുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നായി കണ്ട് ഫൊക്കാന ഹൃദയത്തോട് ചേർത്തപ്പോൾ അത് സമഭാവനയുടെ നേർക്കാഴ്ചയായി.

അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ന്യൂയോർക്കിലെ ‘ലൈഫ് ആൻഡ് ലിംബ്’ എന്ന സംഘടനയുമായി സഹകരിച്ച് 40-ലധികം പേർക്ക് കൃത്രിമക്കാലുകൾ നൽകിയ പദ്ധതി ജീവകാരുണ്യത്തിന്റെ മഹത്വം വിളിച്ചോതി. വാക്കുകൾക്കപ്പുറം സമൂഹത്തിൽ ആവശ്യമുള്ളവരെ ചേർത്തുപിടിക്കണമെന്ന സന്ദേശമാണ് ഈ ചാരിറ്റി പ്രവർത്തനത്തിലൂടെ ഫൊക്കാന നൽകിയത്.

വിദ്യാഭ്യാസ സ്കോളർഷിപ്പ്

മുൻകാലങ്ങളിൽ നഴ്സിങ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഫൊക്കാന സ്കോളർഷിപ്പ് നൽകിയിരുന്നത്. എന്നാൽ എല്ലാ തൊഴിലിനും തുല്യ പ്രാധാന്യമുണ്ടെന്ന കാഴ്ചപ്പാടോടെ ഫൊക്കാന വിമൻസ് ഫോറം വിവിധ പഠന മേഖലകളിലേക്ക് സ്കോളർഷിപ്പ് വ്യാപിപ്പിച്ചു. 26 പേർക്ക് 50,000 രൂപ വീതം ഇത്തവണ നൽകി. തൊഴിലിന്റെ മഹത്വമാണ് ഇവിടെ പ്രകടമായത്.

ലഹരിക്കെതിരെയുള്ള പോരാട്ടം

രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഒരു വിളംബരമായിട്ടാണ് കൺവെൻഷൻ ആരംഭിച്ചത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, കേരളത്തിലെ യുവജനങ്ങളെയും കൗമാരക്കാരെയും ഭീഷണിപ്പെടുത്തുന്ന ഈ വിപത്തിനെതിരെ ശബ്ദമുയർത്തേണ്ടത് ഫൊക്കാനയുടെ കടമയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതൊരു വെറും പ്രഖ്യാപനം മാത്രമായിരുന്നില്ല. മറിച്ച്, സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒരു പ്രത്യേക പദ്ധതി സമർപ്പിച്ചിട്ടാണ് ഫൊക്കാന ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ശ്രദ്ധേയമായ സെമിനാറുകൾ

സാധാരണ ബിസിനസ് സെമിനാറുകളിൽനിന്ന് വ്യത്യസ്തമായി, കുമരകം കൺവെൻഷനിലെ ബിസിനസ് സെമിനാർ സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി. ബിസിനസുകാർ വളരുമ്പോൾ സമൂഹവും വ്യക്തികളും വളരുമെന്ന സന്ദേശമാണ് ഫൊക്കാന മുന്നോട്ട് വെച്ചത്.

മറ്റൊരു ശ്രദ്ധേയമായ സെഷനായിരുന്നു മീഡിയ സെമിനാർ. മലയാള മനോരമയിലെ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, രാഷ്ട്രദീപികയുടെ മാനേജിങ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, 24 ന്യൂസിലെ പി.പി. ജയിംസ്, കൈരളിയുടെ ശരത്ചന്ദ്രൻ, മാതൃഭൂമിയുടെ പ്രമേഷ് കുമാർ, ജന്മഭൂമിയുടെ പ്രദീപ് പിള്ള, വീക്ഷണത്തിന്റെ ജെയ്‌സൺ ജോസഫ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകർ പങ്കെടുത്തത് സെമിനാറിന് ഗൗരവം നൽകി. 24 ന്യൂസിലെ ക്രിസ്റ്റീന ചെറിയാൻ ആയിരുന്നു മോഡറേറ്റർ.

ഒരേസമയം മൂന്ന് പരിപാടികൾ

ഒരു കേരള കൺവെൻഷനിൽ ആദ്യമായി ഒരേസമയം മൂന്ന് വേദികളിൽ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. മുകളിലത്തെ നിലയിലുള്ള ശബരി ഹാളിൽ മീഡിയ സെമിനാർ നടക്കുമ്പോൾ, താഴത്തെ നിലയിൽ കൃത്രിമക്കാലുകൾ നൽകുന്ന ‘ലൈഫ് ആൻഡ് ലിംബ്’ പദ്ധതിയും, പുറത്തെ നീന്തൽക്കുളത്തിൽ ‘സ്വിം കേരള സ്വിം’ ഫൈനലും നടന്നു. ജലസുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും, അംഗപരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സന്ദേശവും ഈ പരിപാടികൾ നൽകി.

മാർ ക്രിസോസ്റ്റം സ്മരണയും അവാർഡുകളും

ഫൊക്കാനയെ സ്നേഹിച്ചിരുന്ന മാർ ക്രിസോസ്റ്റം തിരുമേനിയുടെ ഓർമ്മയ്ക്കായി ചിത്രകലാപ്രദർശനവും ലൈവ് കാരിക്കേച്ചർ സെഷനും നടന്നു. കാർട്ടൂണിസ്റ്റുകളെ അമേരിക്കൻ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ഒരവസരമായിരുന്നു ഇത്.

അവാർഡ് വിതരണത്തിലും ഫൊക്കാന തികഞ്ഞ ജാഗ്രത പുലർത്തി. മലയാള സിനിമയുടെ കുലപതിയായ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കാനായതിൽ ഫൊക്കാനയ്ക്ക് അഭിമാനമുണ്ട്. കോട്ടയത്തെ നിരാലംബരുടെ ആശ്രയമായ പി.യു. തോമസ്, ലൂർദ്ദ് ഭവന്റെ മാനേജിങ് ട്രസ്റ്റി ജോസ് ആന്റണി, ഭിന്നശേഷിക്കാർക്ക് പ്രചോദനമായ ഗോപിനാഥ് മുതുകാട്, ‘ലൈഫ് ആൻഡ് ലിംബ്’ സ്ഥാപകൻ ജോൺസൺ സാമുവൽ, ‘സോളസ്’ സ്ഥാപക ഷീബ അമീർ എന്നിവർക്ക് സ്നേഹ സേവനങ്ങൾക്കുള്ള പുരസ്കാരങ്ങൾ നൽകി.

റിട്ടയേർഡ് ഐ.എ.എസ്. ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന സാഹിത്യ സെമിനാറും അവാർഡ് വിതരണവും കേരള സാഹിത്യ അക്കാദമിയുടെ നിലവാരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. അവാർഡ് നിർണ്ണയത്തിൽ ഫൊക്കാന കമ്മിറ്റി അംഗങ്ങൾ ആരും ഇടപെട്ടില്ലെന്ന് ജൂറി അംഗങ്ങൾ വേദിയിൽ അറിയിച്ചു. 300-ൽ അധികം കൃതികളിൽനിന്ന് നിഷ്പക്ഷമായി അവാർഡിനർഹമായവ തിരഞ്ഞെടുത്തതിൽ ഫൊക്കാന 100 ശതമാനം സുതാര്യത നിലനിർത്തിയെന്ന് സജിമോൻ ആന്റണി പറഞ്ഞു.

ആറ് മന്ത്രിമാരുൾപ്പെടെ അറുപതിലധികം വിശിഷ്ടാതിഥികൾ പങ്കെടുത്തു. അവർ മണിക്കൂറുകളോളം കൺവെൻഷനിൽ ചെലവഴിച്ചത് ഈ സർക്കാരിന് ഫൊക്കാനയോടുള്ള താൽപര്യത്തെയാണ് കാണിക്കുന്നത്.

രണ്ട് ദിവസത്തെ തിരക്കിട്ട പരിപാടികൾക്കു ശേഷം മൂന്നാം ദിവസം 480 പേർക്ക് ഒരേസമയം കയറാവുന്ന ഹൗസ്ബോട്ടിൽ വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസയാത്ര അവിസ്മരണീയമായിരുന്നു. പാട്ടും നൃത്തവും നാടൻ ഭക്ഷണവുമെല്ലാം യാത്രയുടെ മാറ്റുകൂട്ടി.

ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ ഭവനപദ്ധതിക്കായി പത്തനംതിട്ടയിലെ ചിറ്റാറിൽ 50 സെന്റ് സ്ഥലം സംഭാവനയായി നൽകിയതിനെക്കുറിച്ചും പ്രസിഡന്റ് എടുത്തുപറഞ്ഞു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രസിഡന്റ് സജിമോൻ ആന്റണിക്ക് പുറമെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി ജോർജ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ബി.ഒ.ടി., നാഷണൽ കമ്മിറ്റി അംഗങ്ങൾ, ആർ.വി.പി.മാർ, കൺവെൻഷൻ കോ-ഓർഡിനേറ്റർമാരായ സുനിൽ പാറയ്ക്കൻ, ഡോ. ലൂക്കോസ് മണ്ണയോട്ട്, സജി കൊട്ടാരക്കര എന്നിവരടങ്ങിയ ടീമിന്റെ കൂട്ടായ പ്രവർത്തനമാണ് ഈ കൺവെൻഷൻ വൻ വിജയമാക്കിയത്.

“ഏഴ് കടലിനക്കരെയിരുന്ന് ആസൂത്രണം ചെയ്ത് നാട്ടിലെത്തി ഒരായിരത്തോളം പേരെ പങ്കെടുപ്പിച്ച് നടത്തിയ ഈ സമ്മേളനം കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ഓരോ പരിപാടിക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു,” സജിമോൻ ആന്റണി പറഞ്ഞു. “ജനപക്ഷ മുഖമുള്ള ക്ഷേമപ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഇവിടെ കണ്ടത്. വാസ്തവത്തിൽ 2025-ലെ ഫൊക്കാന കേരള കൺവെൻഷൻ ഒരു വമ്പിച്ച പ്രവാസി മേള തന്നെയായിരുന്നു.”

Fokana’s strong comeback; Kumarakom convention becomes history

Share Email
Top