എ.എസ് ശ്രീകുമാര്‍ – ഫോമാ ന്യൂസ് ടീം
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഏറെ പുതുമകള്‍ നിറഞ്ഞ കേരള കണ്‍വന്‍ഷന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 8-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മിസോറി സിറ്റിയിലുള്ള അപ്ന ബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നടന്നു. ഫോമായുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു കേരള കണ്‍വന്‍ഷനായിരിക്കും അക്ഷര നഗരിയായ കോട്ടയം ആതിഥ്യമരുളുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.

ഫോമാ സ്ഥാപക പ്രസിഡന്റും കേരള കണ്‍വന്‍ഷന്‍ ഗോള്‍ഡ് സ്‌പോണ്‍സറുമായ ശശിധരന്‍ നായര്‍, ബേബി മണക്കുന്നേലിന് അദ്യ ചെക്ക് നല്കി കിക്ക് ഓഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍ ആണ് ഗ്രാന്റ് സ്‌പോണ്‍സര്‍. കൂടാതെ 25 ഗോള്‍ഡ് സ്‌പോണ്‍സര്‍മാരും 10 സില്‍വര്‍ സ്‌പോണ്‍സര്‍മാരും ചെക്ക് നല്‍കി കണ്‍വന്‍ഷനിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തു. അമേരിക്കയിലെമ്പാടും നിന്നുള്ള ഫോമാ കുടുംബാംഗങ്ങളുടെ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതാണെന്ന് കേരള കണ്‍വന്‍ഷന്‍ ചെര്‍മാന്‍ പീറ്റര്‍ കുളങ്ങര അറിയിച്ചു. കണ്‍വന്‍ഷന്‍ കോട്ടയം നഗരത്തിനോടടുത്തുതന്നെയുള്ള വിന്‍ഡ്‌സര്‍ കാസിലില്‍ നടത്താന്‍ നിശ്ചയിച്ചത് ഏവരുടെയും യാത്രാ സൗകര്യം പരിഗണിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.


പീറ്റര്‍ കുളങ്ങരയുടെ ബഹുവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മാനിച്ച് അദ്ദേഹത്തെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ഫോമായുമായി കൈകോര്‍ത്ത് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ അംഗീകാരത്തിന് പാത്രമായ വ്യക്തിയെന്ന നിലയില്‍ അദ്ദേഹം കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് സംഘടനയ്‌ക്കൊരു മുതല്‍ക്കുട്ടാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. ഫോമായുടെ എല്ലാ റിജിയണുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കേരള കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, വിമന്‍സ് ഫോറം നാഷണല്‍ വൈസ് പ്രസിഡന്റ് ഗ്രേസി ഊരാളില്‍, ബിജു ലോസണ്‍, നാഷണല്‍ കമ്മിറ്റി അംഗം രാജന്‍ യോഹന്നാന്‍, വിമന്‍സ് ഫോറം പ്രതിനിധി ആന്‍സി മാത്യു, സ്‌പോര്‍ട്‌സ് ആന്റ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ മിഖായേല്‍ ജോയി, മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ്, ഫോമാ സതേണ്‍ റീജിയന്‍ യൂത്ത് ചെയര്‍ ആരോണ്‍ സാം തുടങ്ങിയവര്‍ സംസാരിച്ചു. സതേണ്‍ റീജിയന്‍ ചെയര്‍മാന്‍ രാജേഷ് മാത്യു സ്വഗതമാശംസിച്ചു. ഫോമാ നാഷണല്‍ മീഡിയ ചെയറും നേര്‍കാഴ്ച ചീഫ് എഡിറ്ററുമായ സൈമണ്‍ വളാച്ചേരില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഫോമാ സതേണ്‍ റീജിയണിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുമരകത്തേക്കുള്ള പ്രവേശന കവാടമൊരുക്കുന്ന ഡൗണ്‍ടൗണ്‍ ഡീലക്‌സ് ഹോട്ടലായ വിന്‍ഡ്‌സര്‍ കാസിലില്‍ 2026 ജനുവരി 9-ാം തീയതിയാണ് ഫോമാ കേരള കണ്‍വന്‍ഷന് തിരിതെളിയുക. വേമ്പനാട് കായലിന്റെ ഏറ്റവും മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ ഹോട്ടലാണ് വിന്‍ഡ്‌സര്‍ കാസില്‍. സ്‌റ്റൈലിലും ക്ലാസിലും ആഡംബരത്തിലും മറ്റെല്ലാറ്റിനും മുകളിലാണ്. 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത പുല്‍ത്തകിടികളും കൊച്ചുകൊച്ച് തോടുകളും ഹരിതാഭമായ അന്തരീക്ഷവുമുള്ള ഈ ഹോട്ടല്‍, സമ്പന്നമായ താമസാനുഭവം പ്രദാനം ചെയ്യുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 60 കിലോമീറ്ററും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കിലോമീറ്ററും അകലെയാണ് വിന്‍ഡ്‌സര്‍ കാസില്‍.







കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ സെമിനാറുകളും സെഷനുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സമാപന സമ്മേളനവും നടക്കും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ കണ്‍വന്‍ഷനില്‍ മഹനീയ സാന്നിധ്യമറിയിക്കും. കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് ബിസിനസ് മീറ്റും നടത്തും.
വിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയ കണ്‍വന്‍ഷന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഫോമാ കേരള കണ്‍വന്‍ഷന്‍ 2025-ന്റെ ചരിത്ര വിജയത്തിനായി ഏവരും ഒരേമനസോടെ പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Fomaa Kerala convention scheduled to Kottayam-Kick off rocked Houston