ഇന്ത്യയ്ക്ക് നേരെയുള്ള അമേരിക്കയുടെ ഉപരോധം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് റഷ്യ. എത്രയേറെ ബാഹ്യ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും ഇന്ത്യ-റഷ്യ ഊർജ്ജ സഹകരണം തുടരുമെന്നും റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ പറഞ്ഞു. ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വിലക്ക് നേരിടുന്നെങ്കിൽ റഷ്യയിൽ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ റഷ്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ ബാബുഷ്കിൻ സ്വാഗതം ചെയ്തു. യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടി നേരിടുന്ന സാഹചര്യമാണെങ്കിൽ, റഷ്യൻ വിപണി ഇന്ത്യൻ കയറ്റുമതിക്ക് തുറന്നിട്ടുണ്ടെന്ന് അദ്ദേഹം ദേശീയ തലസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കി. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിന് യുഎസ് ഇന്ത്യയ്ക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദം ന്യായീകരിക്കാനാവാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കാത്തതിനാൽ റഷ്യക്കും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും യുഎസ് ഉപരോധവും അധിക തീരുവയും ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചൈനയും ഇന്ത്യയുമാണ് റഷ്യൻ എണ്ണയുടെ പ്രധാന വാങ്ങുന്നവർ. ഈ സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളി നിറഞ്ഞതാണെന്ന് ബാബുഷ്കിൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഇന്ത്യയുമായുള്ള ബന്ധത്തിൽ റഷ്യക്ക് പൂർണ വിശ്വാസമുണ്ടെന്നും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് റഷ്യൻ വിപണിയിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനിടയില്ലെന്ന സൂചന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തിയേക്കില്ലെന്നായിരുന്നു ട്രംപ് നൽകിയ സൂചന.