ഭൂമിക്ക് സമീപം വാതക ഭീമൻ ഗ്രഹം; പുതിയ കണ്ടെത്തലുമായി ജെയിംസ് വെബ് ടെലിസ്കോപ്പ്

ഭൂമിക്ക് സമീപം വാതക ഭീമൻ ഗ്രഹം; പുതിയ കണ്ടെത്തലുമായി ജെയിംസ് വെബ് ടെലിസ്കോപ്പ്

ലണ്ടൻ: ഭൂമിക്ക് സമീപമുള്ള ആൽഫ സെന്റോറി നക്ഷത്രസമൂഹത്തിൽ ഒരു വാതക ഭീമൻ ഗ്രഹത്തെ കണ്ടെത്തി. ജെയിംസ് വെബ് ടെലിസ്കോപ്പാണ് 4.5 പ്രകാശവർഷം അകലെയുള്ള ഈ ഗ്രഹത്തെ നിരീക്ഷിച്ചത്. ശനിയുടെ വലുപ്പമുള്ള ഈ ഗ്രഹം നമ്മുടെ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെയാണ് ചുറ്റുന്നത്. എന്നാൽ, ഗ്രഹത്തിന് ചുറ്റും കട്ടിയുള്ള വാതക മേഘങ്ങളാണുള്ളത്.

ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രസമൂഹമാണ് ആൽഫ സെന്റോറി. ഈ ഗ്രഹത്തിൽ നേരിട്ട് ജീവന് സാധ്യതയില്ലെങ്കിലും, അതിന്റെ ഉപഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഓക്സ്ഫഡ് സർവകലാശാലയിലെ സ്പേസ് ഇൻസ്ട്രമെന്റേഷൻ അസോ. പ്രൊഫസർ ഡോ. കാർലി ഹോവറ്റ് ഈ കണ്ടെത്തലിനെ ‘അവിശ്വസനീയമായ കണ്ടുപിടിത്തം’ എന്നാണ് വിശേഷിപ്പിച്ചത്.

“നാല് പ്രകാശവർഷങ്ങൾ എന്നത് നമ്മളിൽ നിന്ന് വളരെ അകലെയാണെങ്കിലും, നമ്മുടെ ആകാശഗംഗയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ അടുത്താണ്. നമ്മുടെ പ്രപഞ്ചത്തിന്റെ പിന്നാമ്പുറത്ത്, നമ്മുടെ സൂര്യനെപ്പോലെയൊരു നക്ഷത്രത്തെ ചുറ്റുന്ന ഈ ഗ്രഹത്തിന്റെ സാന്നിധ്യം പ്രാധാന്യമർഹിക്കുന്നു,” ഡോ. കാർലി ഹോവറ്റ് പറഞ്ഞു.

കഴിഞ്ഞ വർഷം ആദ്യം ഈ വാതക ഭീമനെ കണ്ടെത്തിയെങ്കിലും, പിന്നീട് നടന്ന നിരീക്ഷണങ്ങളിൽ ഇതിനെ കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ, ഗ്രഹത്തിന്റെ സാന്നിധ്യം ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ജ്യോതിശാസ്ത്രജ്ഞർ. സെന്റോറസ് നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന ആൽഫ സെന്റോറി എ, ആൽഫ സെന്റോറി ബി എന്നീ ഇരട്ട നക്ഷത്രങ്ങളും പ്രോക്സിമ സെന്റോറി എന്ന ചുവന്ന കുള്ളൻ നക്ഷത്രവും അടങ്ങുന്നതാണ് ഈ നക്ഷത്ര സംവിധാനം.

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഈ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിലാണ് ശാസ്ത്രലോകം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Gas giant planet near Earth; James Webb Telescope makes crucial discovery

Share Email
More Articles
Top