ജറുസലേം: ഇസ്രയേല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഹമാസ് ഒരുക്കമല്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി. മേഖലയില്‍ സൈനികാക്രമണം വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് ഇസ്രയേല്‍ കടക്കുന്നതിനിടെയാണ് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ പ്രസ്താവന. ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഗാസാസിറ്റിയിൽ സൈനികനടപടി തുടങ്ങിയതിനു പിന്നാലെയാണിത്.
“നരകത്തിന്റെ എല്ലാ കവാടങ്ങളും കൊലപാതകികളും ബലാത്സംഗികളുമായ ഹമാസിനുവേണ്ടി തുറക്കും, ഗാസ നഗരം റഫയ്ക്കും ബെയ്ത്ത് ഹനൂനിനും സാമാനമായി മാറും”,. യുദ്ധത്തില്‍ നശിച്ച പ്രദേശങ്ങള്‍ പരാമര്‍ശിച്ച് കാറ്റ്‌സ് എക്‌സ് പ്ലാറ്റ്‌റോമില്‍ കുറിച്ചു. ബന്ദികളാക്കി വെച്ചിരിക്കുന്നവരെ ഹമാസ് മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ നടപ്പാകില്ലെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയ്യാറാകൂവെന്നാണ് ഹമാസിന്റെ വാദം. അതേസമയം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വെക്കാന്‍ ഒരുക്കമല്ലെന്നും ഹമാസ് ആവര്‍ത്തിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. 1,200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ബന്ദികളാക്കപ്പെട്ട 251 പേരില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടുള്ള ഇസ്രയേല്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഹമാസ് വിട്ടയച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 62,192 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്ക്.
Gaza City will be destroyed if Hamas is not ready to accept conditions: Israeli Defense Minister warns