ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ആന്ധ്രാപ്രദേശിൽ; 75 ബില്യൺ ഡോളർ ചെലവഴിക്കാൻ ആൽഫബെറ്റ്

ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ആന്ധ്രാപ്രദേശിൽ; 75 ബില്യൺ ഡോളർ ചെലവഴിക്കാൻ ആൽഫബെറ്റ്

അമരാവതി: ആഗോള ഭീമന്മാരായ ഗൂഗിൾ ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്ത് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നു. ആറ് ബില്യൺ ഡോളർ നിക്ഷേപത്തിൽ ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററാണ് ഇവിടെ പൂർത്തിയാവുക. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇതെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

പുനരുപയോഗ ഊർജ്ജ ശേഷി വികസിപ്പിക്കുന്നതിനായി മൊത്തം നിക്ഷേപത്തിൽനിന്ന് രണ്ട് ബില്യൺ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. ശേഷിയുടെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്ററായി ഈ പദ്ധതി മാറുമെന്നാണ് റിപ്പോർട്ട്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻകോർപറേറ്റഡ് 2025-ൽ ആഗോള ഡാറ്റാ സെന്റർ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 75 ബില്യൺ ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചത്.

ഗൂഗിളിന്റെ വമ്പൻ നിക്ഷേപം സംബന്ധിച്ച് കമ്പനിയോ ആന്ധ്രാപ്രദേശ് സർക്കാരോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, ഒക്ടോബറോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. 1.6 ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററുകൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ നിക്ഷേപം നേടിയിട്ടുണ്ടെന്ന് സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് സ്ഥിരീകരിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആറ് ജിഗാവാട്ട് ഡാറ്റാ സെന്ററുകൾ നിർമിക്കാൻ ആന്ധ്രാപ്രദേശ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിങ്കപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ സൗകര്യങ്ങൾ ഉൾപ്പെടെ ഏഷ്യയിലുടനീളമുള്ള ഡാറ്റാ ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിന്റെ പ്രധാന ഭാഗമാണ് വിശാഖപട്ടണത്തെ ഈ ഡാറ്റാ സെന്റർ.

Google’s largest data center in Asia in Andhra Pradesh; Alphabet to spend $75 billion

Share Email
LATEST
Top