യു.എ.ഇയുടെ തൊഴിൽശക്തിയുടെ പകുതിയും യുവാക്കളാണ് എന്നും, അവരുടെ ശാക്തീകരണത്തിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മനുഷ്യവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്‍മാൻ അൽ അവാർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിലെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽശക്തിയിൽ 12% വളർച്ചയും രാജ്യത്തെ കമ്പനികളുടെ എണ്ണത്തിൽ 17% വർധനവുമുണ്ടായതായി മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സംവിധാനം തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ‘നാഫിസ്’ പദ്ധതിയിലൂടെ സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം 325% വർധിപ്പിക്കാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളുടെ പങ്കാളിത്തം സമഗ്ര സാമ്പത്തിക വളർച്ചയ്ക്കുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തൊഴിൽശക്തിയിലെ ലിംഗസമത്വം’ എന്ന വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു സെഷനിലും അൽ അവാർ പങ്കെടുത്തു.
ലിംഗസമത്വവും നീതിയും ഉറപ്പാക്കുന്നതിന് യു.എ.ഇ നടത്തുന്ന നടപടികളെ വിശദീകരിച്ച മന്ത്രി, രാജ്യത്തെ നിയമങ്ങൾ ജോലിസ്ഥലത്ത് വിവേചനത്തെ നിരോധിക്കുകയും എല്ലാവരെയും അക്രമത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ 66% ജീവനക്കാരും സ്ത്രീകളാണെന്നും, അവരിൽ 30% പേർ നേതൃത്വസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ തൊഴില്പങ്കാളിത്തത്തിൽ 21% വളർച്ചയും, മൊത്തം സ്ത്രീ തൊഴിൽക്കാരിൽ 46% പേർ നൈപുണ്യമുള്ള ജോലികളിലാണ് പ്രവർത്തിക്കുന്നതെന്നും അൽ അവാർ പറഞ്ഞു.
1999-ൽ സ്ഥാപിതമായ ജി20, ആഗോള ജിഡിപിയുടെ 85%, അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75%, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം എന്നിവ പ്രതിനിധീകരിക്കുന്ന പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ്. അന്താരാഷ്ട്ര സഹകരണം, നയ രൂപീകരണം, ആഗോള ലക്ഷ്യങ്ങളും പ്രതിബദ്ധതകളും നിർണയിക്കൽ എന്നിവയാണ് ഈ വേദിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Half of UAE’s Workforce Are Youth; ‘Nafis’ Program Boosts Emirati Employment by 325% in Three Years