സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ, കേന്ദ്രമന്ത്രി തന്നെയാണ് പാർലമെന്റിലെ ചിത്രങ്ങൾ പങ്കുവെച്ച് പ്രതികരിച്ചത്. ഔദ്യോഗിക പ്രവർത്തനങ്ങളിൽ തിരക്കിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാജ്യസഭയിൽ ചർച്ചയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും കുറിപ്പിൽ വ്യക്തമാക്കി.
കെ.എസ്.യു. തൃശൂർ ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. ചത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും, അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് കള്ളവോട്ട് ആരോപണത്തെ ഭയന്നാകാമെന്ന് പ്രതികരിച്ചു. തൃശൂരിൽ ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ട് ചേർത്തുവെന്ന ആക്ഷേപം തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉണ്ടായിരുന്നെന്നും, മുൻ മന്ത്രി സുനിൽ കുമാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ജയിച്ച ശേഷവും ആറുമാസത്തോളം തൃശൂരിൽ ക്യാമ്പ് നടത്തിയിരുന്നുവെന്നും, ഇപ്പോഴത്തെ ‘ഒളിച്ചുപോക്ക്’ ശക്തമായ സംശയങ്ങൾ ഉയർത്തുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെങ്കിലും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു.
ബി.ജെ.പി. നേതൃത്വം സുരേഷ് ഗോപിയുടെ നിലപാട് വ്യക്തമാക്കണമെന്നും, അദ്ദേഹം രാജിവെച്ചോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. “ഒളിച്ചുപോക്ക് ജനങ്ങൾ ചർച്ച ചെയ്യാതെ ഇരിക്കില്ല; എന്തോ കള്ളക്കളിയുണ്ടാകാം” എന്നും മന്ത്രി ആരോപിച്ചു.
“Haven’t Gone Anywhere” – Suresh Gopi Shares Parliament Photos Following Complaint