വാഷിംഗ്ടൺ: യൂറോപ്പിലെ ഏറ്റവും വലിയ പാക്കേജ് ഷിപ്പിംഗ്, ഡെലിവറി കമ്പനിയായ ഡിഎച്ച്എൽ യുഎസിലേക്കുള്ള ഷിപ്പ്മെന്‍റുക നിർത്തിവെച്ചു. ഓഗസ്റ്റ് 22-നാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ താരിഫ് നയങ്ങൾ ഓഗസ്റ്റ് 29-ന് പ്രാബല്യത്തിൽ വരുന്നതിനാൽ, ഡിഎച്ച്എൽ പാഴ്സൽ ജർമ്മനിയും അതിന്റെ ആഭ്യന്തര വിഭാഗമായ ഡ്യൂഷെ പോസ്റ്റും ഓഗസ്റ്റ് 23 ശനിയാഴ്ച മുതൽ യുഎസിലേക്കുള്ള ബിസിനസ് പാഴ്സലുകളുടെ സ്വീകരണം നിർത്തിവച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ട്രംപ് ജൂലൈ അവസാനം ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറാണ് ഈ തീരുമാനത്തിന് കാരണം. ഇതിന്റെ ഫലമായി, 800 ഡോളറിൽ താഴെ വിലയുള്ള പാക്കേജുകൾക്ക് തീരുവയിൽ നിന്ന് ഇളവ് ലഭിച്ചിരുന്ന ‘ഡി മിനിമസ്’ വ്യാപാര കരാർ ഇല്ലാതായി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കണക്കനുസരിച്ച്, 2024-ൽ യുഎസിലേക്ക് വന്ന ഡി മിനിമസ് ഷിപ്പ്മെന്റുകളുടെ മൂല്യം 1.36 ബില്യൺ ഡോളറിലധികം ആയിരുന്നു. ഇതിന്റെ ഫലമായി, യൂറോപ്പിലെ പല രാജ്യങ്ങളിലെയും തപാൽ ഗ്രൂപ്പുകൾ യുഎസിലേക്കുള്ള ചില പാഴ്സൽ ഷിപ്പ്മെന്റുകൾ നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.