ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എമ്മ തോംപ്സൺ

ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എമ്മ തോംപ്സൺ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സൺ. യുകെ മാധ്യമമായ ദി ടെലിഗ്രാഫിനോടാണ് ഇക്കാര്യം എമ്മ തോംപ്സൺ പറഞ്ഞത്. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കിൽ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവർ തമാശയായി കൂട്ടിച്ചേർത്തു. 

‘‘ഞാൻ ഫോൺ എടുത്തയുടനെ ഡോണൾഡ് ട്രംപ് ആണെന്ന് ഇങ്ങോട്ടു പറഞ്ഞു. ഞാനാദ്യം കരുതി തമാശയാണെന്ന്. പിന്നെ ചോദിച്ചു എന്താണ് വേണ്ടതെന്ന്. എന്റെ മനോഹരമായ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ വന്നു താമസിക്കണമെന്നും ഒരുമിച്ചൊരു അത്താഴമാകാമെന്നുമായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്. നോക്കിയിട്ടു തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് ആ കോൾ ഞാൻ അവസാനിപ്പിച്ചു.

എന്റെ വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ച് ഉത്തരവു പുറത്തുവന്നുവെന്ന് അന്നാണ് എനിക്കു മനസ്സിലായത്. അതായത് എന്നെ ട്രംപ് നിരീക്ഷിച്ചിരുന്നു. എന്റെ ഫോൺ നമ്പറും ട്രംപ് കണ്ടെത്തി. അത് സ്റ്റോക്കിങ് ആണ്. അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കിൽ ഒരു കഥ പറയാൻ ഉണ്ടായേനെ. എനിക്ക് അമേരിക്കയുടെ ചരിത്രം മാറ്റാൻ സാധിച്ചേനെ’’ – അവർ കൂട്ടിച്ചേർത്തു. ഹാരിപോട്ടർ സിനിമയിലെ പ്രഫസർ സിബിൽ ട്രെലാവണി എന്ന കഥാപാത്രത്തെ എമ്മ തോംപ്സൺ അവതരിപ്പിച്ചിരുന്നു.

Share Email
Top