വാഷിംഗ്ടൺ: തലസ്ഥാനത്തെ പോലീസ് സേനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും നാഷണൽ ഗാർഡ് സൈനികർക്ക് ആയുധങ്ങൾ നൽകി പട്രോളിംഗിനയക്കുകയും ചെയ്തതോടെ ഏകാധിപതിയെപ്പോലെയാണ് ട്രംപ് പ്രവർത്തിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
“അവർ പറയുന്നു: ‘നമുക്ക് അദ്ദേഹത്തെ വേണ്ട. സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, അദ്ദേഹം ഒരു ഏകാധിപതിയാണ്’. എനിക്ക് ഏകാധിപതിയെ ഇഷ്ടമല്ല. ഞാൻ ഒരു ഏകാധിപതിയല്ല. എനിക്ക് മികച്ച സാമാന്യബുദ്ധിയുണ്ട്. ഞാൻ ഒരു ബുദ്ധിമാനാണ്.” തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് ട്രംപ് പറഞ്ഞു,
രാജ്യതലസ്ഥാനത്തെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ അസാധാരണ നടപടികൾ ആവശ്യമാണെന്ന് ട്രംപ് വാദിച്ചു. നാഷണൽ ഗാർഡിനെ മറ്റ് നഗരങ്ങളിലേക്കും അയച്ചേക്കാമെന്ന് പറഞ്ഞ അദ്ദേഹം പ്രത്യേകിച്ച് ചിക്കാഗോയെ ചൂണ്ടിക്കാട്ടി.
“ഒരുപാട് ആളുകൾ പറയുന്നത് ഒരുപക്ഷേ ഞങ്ങൾക്ക് ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുമെന്നാണ്,” ട്രംപ് കൂട്ടിച്ചേർത്തു. “എനിക്ക് ഏകാധിപതിയെ ഇഷ്ടമല്ല.” ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള ചിക്കാഗോ, ബാൾട്ടിമോർ എന്നീ നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. ജൂണിൽ ലോസ് ഏഞ്ചൽസ് മേയറുടെയും ഗവർണറുടെയും ആഗ്രഹത്തിന് വിരുദ്ധമായി അവിടേക്കും ട്രംപ് നാഷണൽ ഗാർഡിനെ അയച്ചിരുന്നു.